ആന്ത്രോപിക്കിന്റെ പ്രശസ്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലായ ക്ലോഡ് എഐയെ തങ്ങളുടെ പേയ്‌മെന്റ് ഗേറ്റ്‌വേയുമായി സംയോജിപ്പിച്ച് പേടിഎം. മോഡൽ കോൺടെക്സ്റ്റ് പ്രോട്ടോക്കോൾ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് പേടിഎം പേയ്‌മെന്റ്സ് സർവീസസ് ലിമിറ്റഡ് ഈ പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ബിസിനസുകൾക്കും വ്യാപാരികൾക്കും ലളിതമായ എഐ പ്രോംപ്റ്റുകളിലൂടെ തങ്ങളുടെ പേയ്‌മെന്റ് വിവരങ്ങൾ തത്സമയം അറിയാൻ സാധിക്കും.
ഇടപാടുകൾ, റീഫണ്ടുകൾ, സെറ്റിൽമെന്റുകൾ, സബ്‌സ്‌ക്രിപ്ഷനുകൾ തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാൻ ഇനി വ്യാപാരികൾ സങ്കീർണ്ണമായ പേടിഎം ഡാഷ്‌ബോർഡുകളിൽ തിരയേണ്ടതില്ല. ഉദാഹരണത്തിന്, “ഒരു ഉപഭോക്താവിന് റീഫണ്ട് ലഭിച്ചോ?” എന്ന് ക്ലോഡിനോട് ചോദിച്ചാൽ എഐ തന്നെ ആ വിവരങ്ങൾ കൃത്യമായി കണ്ടെത്തി നൽകും. ധനകാര്യ വിഭാഗങ്ങൾക്ക് റിപ്പോർട്ടുകൾ വിശകലനം ചെയ്യാനും ഈ സംവിധാനം ഉപയോഗിക്കാം. എഐ മോഡലുകളെ ബാഹ്യ ഡാറ്റാ സ്രോതസ്സുകളുമായി സുരക്ഷിതമായി ബന്ധിപ്പിക്കുന്ന മാനദണ്ഡമാണ് മോഡൽ കോൺടെക്സ്റ്റ് പ്രോട്ടോക്കോൾ. ഇതിലൂടെ വ്യാപാരി നൽകുന്ന അനുമതിയുടെ പരിധിയിലുള്ള വിവരങ്ങൾ മാത്രമേ ക്ലോഡ് എഐക്ക് ലഭ്യമാകൂ.

