നിർമ്മിത ബുദ്ധി (എഐ) സാങ്കേതികവിദ്യയുടെ വളർച്ചയ്‌ക്കൊപ്പം ഡാറ്റാ സെന്ററുകൾ ഉയർത്തുന്ന പാരിസ്ഥിതിക വെല്ലുവിളികളും ചർച്ചയാകുന്നുണ്ട്. എന്നാൽ അമേരിക്കയുടെ എഐ മുന്നേറ്റങ്ങൾക്ക് തടസ്സം സൃഷ്ടിക്കാൻ ചൈനയുടെ ഭാഗത്തുനിന്ന് സംഘടിതമായ ശ്രമം നടക്കുന്നതായി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ‘എക്സ്’ പ്ലാറ്റ്‌ഫോം വെളിപ്പെടുത്തി. എഐ ഡാറ്റാ സെന്ററുകൾക്കെതിരെ വ്യാജ പ്രചാരണം നടത്തിവന്ന ചൈനീസ് ബോട്ട് ശൃംഖല തങ്ങൾ തകർത്തുവെന്നാണ് എക്സ് വ്യക്തമാക്കുന്നത്.
ഏകദേശം 2,00,000 വ്യാജ അക്കൗണ്ടുകൾ അടങ്ങുന്ന വലിയൊരു ശൃംഖലയാണ് എക്സ് തിരിച്ചറിഞ്ഞത്. ഇതിൽ ഇരുന്നൂറോളം അക്കൗണ്ടുകൾ ഡാറ്റാ സെന്ററുകൾക്കെതിരായ പ്രചാരണങ്ങളിൽ നേരിട്ട് പങ്കാളികളായിരുന്നു. ഡാറ്റാ സെന്ററുകൾ സാധാരണക്കാരുടെ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നുവെന്നും പവർ ഗ്രിഡിന് അമിതഭാരമുണ്ടാക്കുന്നുവെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഈ ബോട്ട് അക്കൗണ്ടുകൾ വഴി പ്രചരിപ്പിച്ചത്. ഈ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കാർട്ടൂൺ രൂപത്തിലുള്ള ചിത്രങ്ങളും ഇവർ ഉപയോഗിച്ചിരുന്നു.

