പ്രതിദിനം 8 ലക്ഷത്തിലധികം സൈബർ ആക്രമണങ്ങൾ തടഞ്ഞ് യുഎഇ

പ്രതിദിനം 8 ലക്ഷത്തിലധികം സൈബർ ആക്രമണങ്ങൾ തടഞ്ഞ് യുഎഇ

ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സാമ്പത്തിക മേഖലയുടെ സുഗമമായ പ്രവർത്തനത്തിനും വേണ്ടി സൈബർ സുരക്ഷാരംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി യുഎഇ. നിർമിതബുദ്ധി (AI), ക്ലൗഡ് കംപ്യൂട്ടിങ് എന്നിവ ഫലപ്രദമായി പ്രയോജനപ്പെടുത്തി ഭീഷണികൾ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കുന്ന അത്യാധുനിക സംവിധാനമാണ് രാജ്യം നിലവിൽ നടപ്പിലാക്കിവരുന്നത്. സമീപകാലത്ത് പ്രതിദിനം എട്ടു ലക്ഷത്തിലേറെ സൈബർ ആക്രമണ ശ്രമങ്ങളാണ് യുഎഇ വിജയകരമായി പ്രതിരോധിച്ചതെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കുന്നു.

സങ്കീർണ്ണമായ സൈബർ ആക്രമണങ്ങളെ മുൻകൂട്ടി പ്രവചിക്കാനും തടയാനുമായി സ്വന്തമായി എഐ മോഡലുകൾ രാജ്യം വികസിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സെപ്റ്റംബറിൽ ‘ഓപ്പൺ ഇന്നവേഷൻ എഐ’യുമായി സഹകരിച്ച് പ്രത്യേക എഐ മോഡൽ പുറത്തിറക്കിയിരുന്നു. കൂടാതെ, സുരക്ഷാ ഭീഷണിയുള്ള ഫയലുകളും സോഫ്റ്റ്‌വെയറുകളും തിരിച്ചറിയാൻ ശേഷിയുള്ള ‘വി7 എഐ’ (V7 AI) മോഡൽ ജിസെക് ഗ്ലോബൽ 2026-ൽ അവതരിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ജൂലൈ മൂന്നിന് രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങൾക്ക് നേരെ ഉണ്ടായ വൻ സൈബർ ആക്രമണത്തെ ദേശീയ നിരീക്ഷണ സംഘങ്ങൾ 24 മണിക്കൂറും പ്രവർത്തിച്ചാണ് പരാജയപ്പെടുത്തിയത്. മൈക്രോസോഫ്റ്റ് ഡിജിറ്റൽ ഡിഫൻസ് റിപ്പോർട്ട് 2026 പ്രകാരം, ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഏറ്റവും കൂടുതൽ സൈബർ ഭീഷണികൾ നേരിട്ട രാജ്യങ്ങളുടെ ആഗോള പട്ടികയിൽ ആറാം സ്ഥാനത്താണ് യുഎഇ.

administrator

Related Articles