ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ മാത്രം ഒതുങ്ങാതെ, ഉപയോക്താക്കൾക്കായി ഓൺലൈൻ ജോലികൾ സ്വയം ചെയ്യാൻ കഴിയുന്ന ‘പ്രോജക്ട് ഹാച്ച്’എന്ന പുതിയ വ്യക്തിഗത എഐ ഏജന്റുമായി മെറ്റ. നിലവിൽ കമ്പനി ജീവനക്കാർക്കിടയിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഈ സംവിധാനം സാധാരണ ചാറ്റ്ബോട്ടുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. റസ്റ്റോറന്റുകൾ ബുക്ക് ചെയ്യുക, ഓൺലൈൻ ഷോപ്പിങ് നടത്തുക, വളർത്തുനായയെ നോക്കാൻ ആളെ കണ്ടെത്തുക തുടങ്ങി വ്യക്തിജീവിതത്തിലെയും സാമ്പത്തിക രംഗത്തെയും വിവിധ കാര്യങ്ങളിൽ ഹാച്ചിന് സഹായിക്കാനാകും.
സ്വന്തമായി കമ്പ്യൂട്ടർ സംവിധാനമുള്ള ഹാച്ച്, വെബ്സൈറ്റുകളുമായും വിവിധ ഓൺലൈൻ സേവനങ്ങളുമായും നേരിട്ട് ഇടപെട്ടാണ് പ്രവർത്തിക്കുന്നത്. ഫോമുകൾ പൂരിപ്പിക്കൽ, സാധനങ്ങൾ വാങ്ങൽ, ഇമെയിൽ, കലണ്ടർ, സ്പോട്ടിഫൈ, ഇൻസ്റ്റഗ്രാം, ഓപ്പൺടേബിൾ തുടങ്ങിയ സേവനങ്ങളുമായി ബന്ധപ്പെടൽ തുടങ്ങിയ ജോലികൾ ഇതിലൂടെ സാധ്യമാകും. ആപ്ലിക്കേഷൻ അടച്ചാലും പശ്ചാത്തലത്തിൽ പ്രവർത്തിക്കുമെന്നതും ഉപയോക്താവിന് എഐ ഏജന്റിന് സ്വന്തം പേരുനൽകാനും ആശയവിനിമയ ശൈലി തിരഞ്ഞെടുക്കാനുമുള്ള ഉയർന്ന വ്യക്തിഗതവൽക്കരണവും ഇതിന്റെ പ്രധാന പ്രത്യേകതകളാണ്. സെൻസിറ്റീവ് ആയ നടപടികൾ പൂർത്തിയാക്കുന്നതിന് മുൻപ് ഉപയോക്താവിന്റെ അനുമതി തേടുന്ന സുരക്ഷാ സംവിധാനവും ഇതിലുണ്ട്.
മാർക്ക് സക്കർബർഗിന്റെ ‘പേഴ്സണൽ സൂപ്പർ ഇന്റലിജൻസ്’ എന്ന വലിയ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഹാച്ച് വികസിപ്പിച്ചിരിക്കുന്നത്. ഭാവിയിൽ പണം നൽകി ഉപയോഗിക്കാവുന്ന ഒരു സേവനമായി ഇത് മാറിയേക്കാമെന്നും, പ്രതിമാസം 200 ഡോളർ വരെ ഫീസ് ഈടാക്കുന്നത് മെറ്റ പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ വിലയോ ഔദ്യോഗിക ലോഞ്ച് തീയതിയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

