സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ഗൗരി കിഷൻ

സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ഗൗരി കിഷൻ

നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ തുടർച്ചയായി സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും വിശ്വസിക്കുന്ന കാര്യങ്ങളിൽ കൃത്യമായ നിലപാട് വ്യക്തമാക്കുന്നതിൽ ഭയമില്ലെന്ന് നടി ഗൗരി കിഷൻ. മനോരമ കോൺക്ലേവിൽ സംസാരിക്കവേയാണ് താരം സൈബർ ആക്രമണങ്ങളെക്കുറിച്ചും സിനിമാ മേഖലയിലെ രീതികളെക്കുറിച്ചും തുറന്നടിച്ചത്. ഒരു പബ്ലിക് ഫിഗർ എന്ന നിലയിൽ ഓൺ‌ലൈൻ ബുള്ളിയിങ് പലപ്പോഴും പരിധി ലംഘിക്കാറുണ്ടെന്നും, വ്യക്തിപരമായ അധിക്ഷേപങ്ങളും അഭിപ്രായം പറയുമ്പോൾ ‘ആന്റി നാഷണൽ’ എന്ന് മുദ്രകുത്തുന്നതും ശരിയായ പ്രവണതയല്ലെന്നും താരം ചൂണ്ടിക്കാട്ടി.

അനീതിക്കെതിരെ പ്രതികരിക്കാനും സ്വന്തമായി അഭിപ്രായം വ്യക്തമാക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് വ്യക്തമാക്കിയ ഗൗരി, പ്രസ് മീറ്റുകളിൽ പലരും കാണിക്കുന്ന ‘സെയ്ഫ് ഗെയിം’ തനിക്ക് കളിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ ഗ്ലാമർ ചിത്രങ്ങൾ മാത്രം പങ്കുവെച്ച് ഇത്തരം കാര്യങ്ങളിൽ നിന്ന് വിട്ടുനിന്നൂടെ എന്ന് മുതിർന്ന സംവിധായകർ പോലും തന്നോട് ചോദിച്ചിട്ടുണ്ട്. എന്നാൽ സിജെപി സമരത്തെ പിന്തുണച്ച് പോസ്റ്റിട്ടപ്പോൾ അൺഫോളോ ഭീഷണിയുമായി നിരവധിയാളുകൾ രംഗത്തെത്തിയെങ്കിലും, അങ്ങനെയുള്ളവർ തന്റെ യഥാർത്ഥ ഫോളോവേഴ്സ് അല്ലെന്നാണ് കരുതുന്നതെന്നും താരം വ്യക്തമാക്കി.

administrator

Related Articles