തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർപ്രൈസ് എഐ സൊല്യൂഷൻ ദാതാക്കളായ ഫ്ലൈടെക്സ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ നിക്ഷേപ-വെൽത്ത് മാനേജ്മെൻ്റ് സ്ഥാപനമായ ഐഐഎഫ്എൽ ക്യാപിറ്റൽ. നിക്ഷേപകരുമായുള്ള ബന്ധം ദൃഢമാക്കുക, അസറ്റ്സ് അണ്ടർ മാനേജ്മെൻ്റ് വളർച്ച വേഗത്തിലാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഇരുകമ്പനികളും കൈകോർക്കുന്നത്. മാറുന്ന കാലത്തിനൊപ്പമുള്ള നിക്ഷേപ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നത് സാമ്പത്തിക സ്ഥാപനങ്ങൾക്ക് ഏറെ ശ്രമകരമായ ദൗത്യമാണ്. ഈ സാഹചര്യത്തിൽ ഫ്ലൈടെക്സ്റ്റിന്റെ ഏജന്റിക് എഐ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തുന്നതിലൂടെ നിക്ഷേപകരുടെ താൽപ്പര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കാനും, അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസൃതമായ നിക്ഷേപ നിർദ്ദേശങ്ങൾ നൽകുവാനും ഐഐഎഫ്എല്ലിന് സാധിക്കും.
നിർമ്മിത ബുദ്ധി രംഗത്ത് 15 വർഷത്തിലേറെയായി നൂതന മാറ്റങ്ങൾ കൊണ്ടുവരുന്ന ഫ്ലൈടെക്സ്റ്റ് നിലവിൽ 50 രാജ്യങ്ങളിലായി 80-ലധികം എന്റർപ്രൈസ് സ്ഥാപനങ്ങൾക്ക് സേവനം നൽകുന്നു. എൻബിഎഫ്‌സികൾ, ഫിൻടെക് കമ്പനികൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, റീട്ടെയിൽ ബാങ്കുകൾ തുടങ്ങിയ സാമ്പത്തിക സേവന മേഖലകളിൽ ആഗോളതലത്തിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗം കൂടിയാണ് ഫ്ലൈടെക്സ്റ്റിന്റെ ഈ ചുവടുവെപ്പ്.

