വെറുമൊരു നാവിഗേഷൻ ആപ്പിൽ നിന്ന് യാത്രാ അനുഭവം പൂർണ്ണമായി സുഗമമാക്കുന്ന എ.ഐ അസിസ്റ്റന്റായി മാറി ഗൂഗിൾ മാപ്സ്. യാത്രയ്ക്കിടെ ഭക്ഷണം ഓർഡർ ചെയ്യാനും, ഹോട്ടലുകൾ തിരഞ്ഞെടുക്കാനും, പ്രാദേശിക പരിപാടികളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സഹായിക്കുന്ന പുത്തൻ ഫീച്ചറുകളാണ് ഗൂഗിൾ അവതരിപ്പിച്ചത്. ആദ്യഘട്ടത്തിൽ അമേരിക്കയിലാണ് ഈ ഫീച്ചറുകൾ ലഭ്യമാക്കിയിട്ടുള്ളതെങ്കിലും ഉടൻ തന്നെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് വികസിപ്പിക്കും. അതേസമയം, ഇന്ത്യൻ ഉപയോക്താക്കൾക്കായി പ്രത്യേക ഫീച്ചറുകളും ഗൂഗിൾ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.
യാത്ര ചെയ്യുന്ന വഴിയിൽ നിങ്ങൾ ആഗ്രഹിക്കുന്ന ഭക്ഷണരീതികൾക്കനുസരിച്ച് തുറന്നിരിക്കുന്ന റെസ്റ്റോറന്റുകൾ മാപ്സ് കണ്ടെത്തി നൽകും. കൂടാതെ ബജറ്റ്, റൂം ലഭ്യത എന്നിവ വിശകലനം ചെയ്ത് മികച്ച ഫാമിലി ഫ്രണ്ട്ലി ഹോട്ടലുകൾ നിർദ്ദേശിക്കുകയും ചെയ്യും. യാത്ര ചെയ്യുന്ന വഴിയിലെ ഉത്സവങ്ങൾ, സംഗീത കച്ചേരികൾ, പ്രാദേശിക മേളകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നേരിട്ടുള്ള ലിങ്കുകളും ലഭ്യമാകും. ഹോട്ടൽ ബുക്കിംഗ്, ഫ്ലൈറ്റ് കൺഫർമേഷൻ വിവരങ്ങൾ മാപ്സിൽ തത്സമയം കാണാൻ സാധിക്കുന്ന ഓപ്ഷണൽ ഫീച്ചർ. റെസ്റ്റോറന്റുകളും സന്ദർശന കേന്ദ്രങ്ങളും തിരയുന്നതിനായി ഇംഗ്ലീഷിന് പകരം ഹിന്ദി ഭാഷ ഉപയോഗിക്കാനുള്ള സൗകര്യം ഇന്ത്യൻ ഉപയോക്താക്കൾക്കായി ഗൂഗിൾ സജ്ജമാക്കിയിട്ടുണ്ട്. നാവിഗേഷൻ മേഖലയിൽ നിന്ന് മാറി യാത്രാവശ്യങ്ങൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ നൽകുന്ന ഓൾ-ഇൻ-വൺ എ.ഐ ആപ്പായി ഗൂഗിൾ മാപ്സ് മാറിക്കൊണ്ടിരിക്കുകയാണ്.

