ഇന്ത്യയിൽ ജോലി ചെയ്യാൻ ഏറ്റവും അനുയോജ്യവും ആകര്‍ഷകവുമായ സ്ഥാപനമായി ഗൂഗിൾ തിരഞ്ഞെടുക്കപ്പെട്ടു. റാന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ച് 2026 റിപ്പോർട്ട് പ്രകാരമാണ് ഈ നേട്ടം. ഈ പട്ടികയിൽ ടാറ്റ ഗ്രൂപ്പ് രണ്ടാം സ്ഥാനത്തും, ആമസോൺ മൂന്നാം സ്ഥാനത്തും ഇടംനേടി. ലോകമെമ്പാടുമുള്ള 34 രാജ്യങ്ങളിൽ നിന്നുള്ള 1.75 ലക്ഷത്തിലധികം ആളുകളുടെയും, ഇന്ത്യയിൽ മാത്രം 3,500-ഓളം ജീവനക്കാരുടെയും അഭിപ്രായങ്ങൾ കണക്കിലെടുത്താണ് ഈ സമഗ്ര റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഈ വർഷത്തെ റിപ്പോർട്ട് പ്രകാരം ഗൂഗിൾ, ടാറ്റ ഗ്രൂപ്പ്, ആമസോൺ എന്നിവയ്ക്ക് പുറമെ സാംസങ് ഇന്ത്യ, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി ഗ്രൂപ്പ്, ഹിന്ദുസ്ഥാൻ യൂണിലീവർ, മഹീന്ദ്ര & മഹീന്ദ്ര, ഡെൽ ടെക്നോളജീസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ തൊഴിലുടമകളിൽ ഉൾപ്പെടുന്നു.
മറുവശത്ത്, നിലവിലെ തൊഴിലിടം മാറാൻ 46% ജീവനക്കാരും ആലോചിക്കുന്നുണ്ടെന്നും, 32 ശതമാനം പേർ കഴിഞ്ഞ ആറു മാസത്തിനിടെ ജോലി മാറിയതായും സർവേ വ്യക്തമാക്കുന്നു. മികച്ച ജോലി-ജീവിത സന്തുലിതാവസ്ഥ നൽകുന്ന തൊഴിലിടങ്ങൾക്കാണ് ഇന്ത്യക്കാർ ഇപ്പോൾ മുൻഗണന നൽകുന്നത്. തുല്യ അവസരങ്ങൾ, കരിയർ വളർച്ച, മികച്ച ശമ്പളവും ആനുകൂല്യങ്ങളും, സ്ഥാപനത്തിന്റെ മികച്ച പ്രതിച്ഛായ എന്നിവയെല്ലാം തൊഴിലിടം തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണങ്ങളായി ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു.

