കൗമാരക്കാരിൽ മാനസിക അഡിക്ഷൻ ഉണ്ടാക്കുന്ന രീതിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്തുവെന്ന കേസിൽ ടെക് ഭീമനായ മെറ്റ വൻ തുക നഷ്ടപരിഹാരം നൽകാൻ ധാരണയായി. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങൾ നൽകിയ നിയമപോരാട്ടത്തിനൊടുവിൽ 18 ബില്യൺ ഡോളർ നൽകാനാണ് മെറ്റ തയ്യാറായിരിക്കുന്നത്. ഒരു സാങ്കേതികവിദ്യാ കമ്പനി നഷ്ടപരിഹാരമായി ഇത്രയും വലിയ തുക നൽകുന്നത് ചരിത്രത്തിൽ തന്നൊദ്യമാണ്. 2023-ൽ അമേരിക്കയിലെ 29 സംസ്ഥാനങ്ങൾ സംയുക്തമായി ഫയൽ ചെയ്ത കേസിലാണ് കാലിഫോർണിയ കോടതിയിൽ ഇപ്പോൾ നിർണായകമായ ഒത്തുതീർപ്പ് ഉണ്ടായിരിക്കുന്നത്.
കരാറിന്റെ ഭാഗമായി കൗമാരക്കാരായ ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി പ്ലാറ്റ്‌ഫോമുകളിൽ പ്രധാന മാറ്റങ്ങൾ വരുത്താനും മെറ്റ സമ്മതിച്ചിട്ടുണ്ട്. 13-നും 17-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ആപ്പുകളിൽ പ്രതിദിനം പരമാവധി 2 മണിക്കൂർ സമയപരിധി ഏർപ്പെടുത്തും. ഇത് മാതാപിതാക്കൾക്ക് മാത്രമേ മാറ്റാൻ സാധിക്കൂ. കൂടാതെ, അർദ്ധരാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ ആപ്പുകളിലേക്കുള്ള പ്രവേശനം തടയുന്ന ‘ഡിഫോൾട്ട് നൈറ്റ് മോഡ്’, തുടർച്ചയായി 15 മിനിറ്റ് ഉപയോഗിച്ചാൽ മുന്നറിയിപ്പ് നൽകുന്ന സംവിധാനം, സ്കൂൾ സമയങ്ങളിൽ നോട്ടിഫിക്കേഷനുകൾ കുറയ്ക്കൽ എന്നിവയും നടപ്പിലാക്കും.

