എ.ഐ രംഗത്ത് പോര് മുറുകുന്നു: ‘കഴ്സറു’മായുള്ള പങ്കാളിത്തം അവസാനിപ്പിച്ച് ഓപ്പൺഎഐ; തിരിച്ചടിയായത് മസ്കിന്റെ ഏറ്റെടുക്കൽ

എ.ഐ രംഗത്ത് പോര് മുറുകുന്നു: ‘കഴ്സറു’മായുള്ള പങ്കാളിത്തം അവസാനിപ്പിച്ച് ഓപ്പൺഎഐ; തിരിച്ചടിയായത് മസ്കിന്റെ ഏറ്റെടുക്കൽ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) രംഗത്തെ പ്രമുഖരായ ഓപ്പൺഎഐയും ശതകോടീശ്വരൻ ഇലോൺ മസ്കും തമ്മിലുള്ള ശത്രുത കൂടുതൽ കടുക്കുന്നു. പ്രമുഖ എ.ഐ കോഡിങ് ടൂളായ ‘കഴ്സറുമായുള്ള’ (Cursor) വാണിജ്യ പങ്കാളിത്തം അവസാനിപ്പിക്കുന്നതായി സാം ഓൾട്ട്മാന്റെ നേതൃത്വത്തിലുള്ള ഓപ്പൺഎഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് (SpaceX), കഴ്സറിന്റെ മാതൃസ്ഥാപനമായ എനിസ്ഫിയർ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക തീരുമാനം.

സ്പേസ് എക്സിന്റെ നിയന്ത്രണത്തിൽ തങ്ങളുടെ സാങ്കേതികവിദ്യ സുരക്ഷിതമായിരിക്കില്ലെന്നും കരാർ വ്യവസ്ഥകൾ ലംഘിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് ഓപ്പൺഎഐ വ്യക്തമാക്കുന്നത്. മസ്കിന്റെ കമ്പനികൾ മുൻപും സേവന വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഓപ്പൺഎഐ, വരാനിരിക്കുന്ന മോഡലുകളുടെ സുരക്ഷയും ഉത്തരവാദിത്തവും മുൻനിർത്തിയാണ് നടപടിയെന്ന് വ്യക്തമാക്കി. നവംബർ 12-ഓടെ കഴ്സറിലേക്കുള്ള ഓപ്പൺഎഐ മോഡലുകളുടെ ആക്സസ് പൂർണ്ണമായും അവസാനിക്കും.

അതേസമയം ഓപ്പൺഎഐയുടെ നടപടി നിരാശാജനകമാണെന്ന് കഴ്സർ സഹസ്ഥാപകനും നിലവിൽ സ്പേസ് എക്സ് ഭാരവാഹിയുമായ മൈക്കൽ ട്രൂവൽ പ്രതികരിച്ചു. പ്രശ്നം പരിഹരിക്കാൻ ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചു. നോൺ-പ്രോഫിറ്റ് സ്ഥാപനത്തിൽ നിന്ന് ലാഭലക്ഷ്യമുള്ള കമ്പനിയായി മാറിയതുമായി ബന്ധപ്പെട്ട് മസ്കും ഓൾട്ട്മാനും തമ്മിൽ നേരത്തെ തന്നെ നിയമപോരാട്ടങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനുപിന്നാലെ ഉയർന്ന പുതിയ തർക്കം എ.ഐ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

administrator

Related Articles