ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കണ്ടന്റ് ക്രിയേറ്റർമാർക്ക് പ്രധാന വരുമാനമാർഗ്ഗമാണ് യൂട്യൂബ്. എന്നാൽ, ഇനിമുതൽ യൂട്യൂബിലൂടെ പണം സമ്പാദിക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ല. യൂട്യൂബ് പാർട്ണർ പ്രോഗ്രാമിന്റെ യോഗ്യതാ മാനദണ്ഡങ്ങൾ ഇരട്ടിയാക്കി കമ്പനി നയം പരിഷ്കരിക്കുന്നു. 2027 ഫെബ്രുവരി 1 മുതലായിരിക്കും ഈ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക.
പുതിയ ക്രിയേറ്റർമാർക്ക് യൂട്യൂബ് ചാനൽ മോണിറ്റൈസ് ചെയ്ത് വരുമാനം ലഭിക്കാൻ ചാനലിന് കുറഞ്ഞത് 1,000 സബ്‌സ്‌ക്രൈബർമാർ വേണം. കഴിഞ്ഞ 365 ദിവസത്തിനുള്ളിൽ 8,000 ക്വാളിഫൈഡ് വാച്ച് അവർ പൂർത്തിയാക്കണം. (മുൻപ് ഇത് 4,000 വാച്ച് അവർ ആയിരുന്നു). അല്ലെങ്കിൽ, കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ 20 മില്യൺ (2 കോടി) ക്വാളിഫൈഡ് ഷോർട്സ് വ്യൂസ് നേടണം. (മുൻപ് ഇത് 10 മില്യൺ ആയിരുന്നു). കൂടാതെ, ഷോർട്സിലെ പരസ്യങ്ങളിൽ നിന്നും സബ്‌സ്‌ക്രിപ്ഷനുകളിൽ നിന്നും വരുമാനം ലഭിക്കുന്നത് തുടരാൻ കഴിഞ്ഞ 90 ദിവസത്തിൽ കുറഞ്ഞത് 10 മില്യൺ ഷോർട്സ് വ്യൂസ് ആവശ്യമാണ്.
നിലവിൽ യൂട്യൂബ് പാർട്ണർ പ്രോഗ്രാമിൽ അംഗങ്ങളായവരെയും പണം സമ്പാദിച്ചുകൊണ്ടിരിക്കുന്നവരെയും ഈ മാറ്റം ബാധിക്കില്ല. എന്നാൽ പുതുതായി യൂട്യൂബിലേക്ക് കടന്നുവരുന്ന തുടക്കക്കാർക്ക് ഈ ഉയർന്ന മാനദണ്ഡങ്ങൾ വലിയ വെല്ലുവിളിയാകും. നയം മാറ്റുന്നതിന്റെ ഔദ്യോഗിക കാരണം യൂട്യൂബ് വ്യക്തമാക്കിയിട്ടില്ലെങ്കിലും, പ്ലാറ്റ്‌ഫോമിൽ ക്രിയേറ്റർമാരുടെ എണ്ണം കുത്തനെ ഉയർന്നതാണ് പ്രധാന കാരണം. വരുമാനം പങ്കിടുന്ന കണ്ടന്റ് ക്രിയേറ്റർമാരുടെ എണ്ണം പരിമിതപ്പെടുത്താനും, മികച്ച നിലവാരമുള്ള ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നവരെ മാത്രം മോണിറ്റൈസേഷനായി തിരഞ്ഞെടുക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത് എന്നാണ് കരുതുന്നത്.

