മലയാളികൾ ഏറെക്കാലമായി കാത്തിരുന്ന ജയറാം-കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരം ഒടിടി റിലീസിനൊരുങ്ങുന്നു. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ഈ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീഫൈവിലൂടെ ഏപ്രിൽ 17 മുതൽ സ്ട്രീമിംഗ് ആരംഭിക്കും. നീണ്ട 23 വർഷങ്ങൾക്ക് ശേഷം അച്ഛനും മകനും ഒന്നിച്ചഭിനയിച്ച ചിത്രം എന്ന പ്രത്യേകതയോടെ എത്തിയ ആശകൾ ആയിരം കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
ഒരു വടക്കൻ സെൽഫിലൂടെ സുപരിചിതനായ ജി. പ്രജിത് സംവിധാനം ചെയ്ത ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്നാണ് നിർമ്മിച്ചത്. പ്രശസ്ത സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിച്ച ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണിയും ചേർന്നാണ്. ജയറാമിനും കാളിദാസിനുമൊപ്പം ആശാ ശരത്, ഷറഫുദ്ദീൻ, രമേശ് പിഷാരടി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
യുവതാരങ്ങളായ ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ ഡ്രീം ബിഗ് ഫിലിംസ് ആണ് എത്തിച്ചത്. മികച്ച സാങ്കേതിക നിലവാരവും ഹൃദയസ്പർശിയായ കഥാമുഹൂർത്തങ്ങളും കോർത്തിണക്കിയ ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തുമ്പോൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

