ക്രിസ്റ്റഫർ നോളന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ദി ഒഡീസി’ തിയറ്ററുകളിലെ വിജയകരമായ പ്രദർശനത്തിന് പിന്നാലെ ഡിജിറ്റൽ റിലീസിനൊരുങ്ങുന്നു. ജൂലൈ 17ന് ലോകമെമ്പാടും തിയറ്ററുകളിലെത്തിയ ചിത്രം നവംബർ 17, 2026ന് ഡിജിറ്റൽ റെന്റിനും വാങ്ങുന്നതിനുമായി ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. പ്രീമിയം വീഡിയോ-ഓൺ-ഡിമാൻഡ് (PVOD) സംവിധാനത്തിലൂടെയായിരിക്കും ചിത്രം ആദ്യം എത്തുക.
മാറ്റ് ഡെയ്മൺ, ആൻ ഹാത്തവേ, ടോം ഹോളണ്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഹോമറിന്റെ പുരാതന ഗ്രീക്ക് ഇതിഹാസത്തെ ആസ്പദമാക്കിയുള്ളതാണ്. ട്രോജൻ യുദ്ധത്തിന് ശേഷം സ്വന്തം നാടായ ഇത്താക്കയിലേക്ക് മടങ്ങാനുള്ള ഒഡീസ്യസിന്റെ പത്ത് വർഷം നീളുന്ന അപകടകരമായ യാത്രയാണ് സിനിമയുടെ പ്രമേയം. പുരാണജീവികൾ, ശക്തരായ ശത്രുക്കൾ, നിരവധി പരീക്ഷണങ്ങൾ എന്നിവയിലൂടെ ഒഡീസ്യസ് കടന്നുപോകുന്നതാണ് കഥ.
ആപ്പിൾ ടിവി, ഫാൻഡാങ്കോ അറ്റ് ഹോം, പ്രൈം വീഡിയോ, യൂട്യൂബ് മൂവീസ് & ടിവി തുടങ്ങിയ സേവനങ്ങളിലൂടെ ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പ്ലാറ്റ്ഫോം ലഭ്യത ഓരോ രാജ്യത്തും വ്യത്യാസപ്പെടാം. ഇന്ത്യയിലെ ഡിജിറ്റൽ റിലീസ് സംബന്ധിച്ച തീയതിയും വിലയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, നവംബർ 17ന് തന്നെ 4K അൾട്രാ എച്ച്ഡി, ബ്ലൂ-റേ, ഡിവിഡി ഫോർമാറ്റുകളിലും ചിത്രം പുറത്തിറങ്ങും.

