തുടർപിരിച്ചുവിടലുകൾ ഉണ്ടാവില്ല; ജീവനക്കാർക്ക് വാഗ്ദാനവുമായി സക്കർബെർഗ്

തുടർപിരിച്ചുവിടലുകൾ ഉണ്ടാവില്ല; ജീവനക്കാർക്ക് വാഗ്ദാനവുമായി സക്കർബെർഗ്

മെറ്റയിലെ കൂട്ടപ്പിരിച്ചുവിടലിനെത്തുടർന്ന് ജീവനക്കാർ കടുത്ത ആശങ്കയിലും അനിശ്ചിതത്വത്തിലുമാണ്. കഴിഞ്ഞ ഏപ്രിലിൽ ലഭിച്ച സൂചനകൾ മുതൽ ജീവനക്കാർ ആശങ്കയിലായിരുന്നുവെങ്കിലും, മെയ് 20-ന് പുലർച്ചെ നാലുമണിയോടെയാണ് പിരിച്ചുവിടൽ സംബന്ധിച്ച ഇമെയിലുകൾ എത്തിയത്. ഏകദേശം 8,000-ത്തോളം ജീവനക്കാരെ ബാധിച്ച ഈ നടപടിക്ക് പിന്നാലെ, എഐ മോഡലുകൾക്ക് പരിശീലനം നൽകാനായി തങ്ങളുടെ കീസ്ട്രോക്കുകളും മൗസ് ചലനങ്ങളും അടക്കമുള്ള പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുന്നതിനെതിരെ 1,500-ലധികം ജീവനക്കാർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ ട്രാക്കിങ് നിർത്തണമെന്ന ജീവനക്കാരുടെ ആവശ്യം അധികൃതർ തള്ളിക്കളയുകയായിരുന്നു.

ഈ പ്രതിസന്ധികൾക്കിടയിലും, നിലവിൽ ജോലിയിലുള്ള ജീവനക്കാർക്ക് ആശ്വാസമേകുന്ന സന്ദേശവുമായി മെറ്റ സിഇഒ മാർക്ക് സക്കർബെർഗ് രംഗത്തെത്തി. ഈ വർഷം ഇനി കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടാകില്ലെന്ന് അദ്ദേഹം ഇമെയിലിലൂടെ ഉറപ്പുനൽകി. കമ്പനിയുടെ ആശയവിനിമയത്തിൽ വേണ്ടത്ര വ്യക്തത ഉണ്ടായിരുന്നില്ലെന്നും, അത് പരിഹരിക്കുമെന്നും സക്കർബെർഗ് സമ്മതിച്ചു. പിരിച്ചുവിടൽ നടപടികൾ മോശമായ രീതിയിലാണ് കൈകാര്യം ചെയ്തതെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ കുറ്റസമ്മതം. ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നീ ക്രമത്തിൽ മൂന്ന് ഘട്ടങ്ങളിലായാണ് പിരിച്ചുവിടൽ നടന്നത്.

administrator

Related Articles