സങ്കീർണമായ രോഗങ്ങൾ തിരിച്ചറിയുന്നതിൽ ഡോക്ടർമാരെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ച് മൈക്രോസോഫ്റ്റിന്റെ നിർമിതബുദ്ധി സംവിധാനം. സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, പരിശോധനകളിൽ ജനറൽ ഫിസിഷ്യന്മാർ 36 ശതമാനം കൃത്യത കൈവരിച്ചപ്പോൾ മൈക്രോസോഫ്റ്റ് എഐ 83 ശതമാനം കൃത്യത രേഖപ്പെടുത്തി. ആരോഗ്യരംഗത്ത് മനുഷ്യന്റെ കഴിവിനെ മറികടക്കുന്ന ‘മെഡിക്കൽ സൂപ്പർ ഇന്റലിജൻസ്’ വികസിപ്പിക്കുന്നതിൽ ഇതൊരു ചരിത്രപരമായ ചുവടുവയ്പ്പാണെന്ന് മൈക്രോസോഫ്റ്റ് എഐ മേധാവി മുസ്തഫ സുലൈമാൻ വ്യക്തമാക്കി.
മൈക്രോസോഫ്റ്റ് എഐ ഡയഗ്നോസ്റ്റിക് ഓർക്കസ്ട്രേറ്റർ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം, ഒന്നിലധികം എഐ ഏജന്റുകൾ ഒരുമിച്ച് പ്രവർത്തിക്കുന്ന രീതിയിലാണ് വികസിപ്പിച്ചിരിക്കുന്നത്. രോഗികളോട് ചോദ്യങ്ങൾ ചോദിക്കുക, ലബോറട്ടറി ടെസ്റ്റുകൾ നിർദേശിക്കുക, രോഗലക്ഷണങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്യുക എന്നിവയിലൂടെയാണ് എഐ അന്തിമ രോഗനിർണയത്തിലെത്തുന്നത്. ഓപ്പൺഎഐയുടെ നൂതന ജിപിടി മോഡലുകളും ഗൂഗിളിന്റെ ജെമിനി 2.5 ഫ്ലാഷ് പോലുള്ള സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിൽ കൃത്യത വർദ്ധിപ്പിക്കാനും ചെലവ് കുറയ്ക്കാനും ഈ സംവിധാനത്തിന് സാധിച്ചിട്ടുണ്ട്.

