പ്രണയബന്ധത്തിൽ താൻ കടുത്ത വഞ്ചനയ്ക്ക് ഇരയായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. അവതാരക രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ വ്യക്തിജീവിതത്തിലെ അനുഭവം വെളിപ്പെടുത്തിയത്. പെട്ടെന്ന് ആർക്കും പറ്റിക്കാനാകാത്ത സ്വഭാവമുള്ളയാളായിട്ടും ഇത്തരമൊരു ചതി നേരിടേണ്ടി വന്നത് ഏറെ വേദനിപ്പിച്ചതായി ഐശ്വര്യ പറയുന്നു. പ്രണയത്തിലായിരുന്ന സമയത്തല്ല, മറിച്ച് ആ ബന്ധം വേർപിരിഞ്ഞ ശേഷമാണ് പങ്കാളിക്ക് മറ്റൊരു ബന്ധമുണ്ടായിരുന്ന കാര്യം താൻ അറിയുന്നത്. എന്നാൽ പിന്നീട് ആ പെൺകുട്ടിയുമായി സൗഹൃദത്തിലാവുകയും അവരെ ഏറെ ഇഷ്ടപ്പെടുകയും ചെയ്തു എന്നതാണ് അതിലെ കൗതുകകരമായ കാര്യം. തുടക്കത്തിൽ ചെറിയ വിഷമം തോന്നിയെങ്കിലും ബന്ധം അവസാനിച്ച ശേഷമാണ് സത്യം മനസ്സിലായത് എന്നതിനാൽ വേഗത്തിൽ തന്നെ ആ മാനസികവിഷമത്തിൽ നിന്ന് മുക്തയാകാൻ കഴിഞ്ഞുവെന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം, ഉർവശി, ജോജു ജോർജ്, വിജയരാഘവൻ എന്നിവർക്കൊപ്പം ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്ന ‘ആശ’യാണ് താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തിൽ ഉർവശിയുടെ മകളുടെ വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. സെപ്റ്റംബർ 11-നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

