ലോകമെമ്പാടും വൻ സ്വീകാര്യത നേടിയ ചാറ്റ് ജിപിടിയുടെ ഇമേജ് ജനറേഷൻ സംവിധാനത്തിന്റെ പുതിയ 2.5 പതിപ്പ് ഓപ്പൺ എഐ പുറത്തിറക്കി. മുൻ പതിപ്പായ 2.0-യെ അപേക്ഷിച്ച് 50 ശതമാനം വരെ കൂടുതൽ വേഗതയും ഉയർന്ന കൃത്യതയും നൽകാൻ പുതിയ പതിപ്പിന് കഴിയുമെന്ന് കമ്പനി അറിയിച്ചു. വേഗത്തിലുള്ള ചിത്ര നിർമ്മാണം, മികച്ച ഗുണനിലവാരം (Image Quality), കൃത്യതയാർന്ന ഇമേജ് എഡിറ്റിംഗ് എന്നിവയാണ് ചാറ്റ് ജിപിടി ഇമേജിന്റെ ഈ പുതിയ പതിപ്പിന്റെ പ്രധാന ആകർഷണങ്ങൾ.
കൂടുതൽ സ്വാഭാവികതയാർന്ന ലൈറ്റിംഗ്, സമ്പന്നമായ ടെക്‌സ്ചറുകൾ, മികച്ച വിഷ്വൽ നിലവാരം എന്നിവയാണ് പുതിയ പതിപ്പിന്റെ പ്രത്യേകതകൾ. ചിത്രത്തിന്റെ സ്വാഭാവികത നഷ്ടപ്പെടാതെ തന്നെ നിർദ്ദിഷ്ട ഭാഗങ്ങൾ മാത്രം തിരഞ്ഞെടുത്ത് എഡിറ്റ് ചെയ്യാനും, തുടർച്ചയായി വരുത്തുന്ന മാറ്റങ്ങളിൽ മുൻപത്തെ എഡിറ്റുകൾ കൃത്യമായി നിലനിർത്താനും ഇതിലൂടെ സാധിക്കും. കൂടാതെ, റഫറൻസ് ഫോട്ടോകളുടെ സൂക്ഷ്മമായ സവിശേഷതകൾ നിലനിർത്തുന്നതിനൊപ്പം, ഒരു മാതൃകാ ചിത്രം കൈകൊണ്ട് വരച്ച് പുതിയ ചിത്രം നിർമ്മിക്കാൻ സഹായിക്കുന്ന ‘@Sketch’ ഫീച്ചറും പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പോസ്റ്ററുകൾ, പ്രൊഡക്റ്റ് ഫോട്ടോകൾ എന്നിവയ്ക്കായി പ്രത്യേക ടെംപ്ലേറ്റുകളും ഉപയോഗിച്ച പ്രോംപ്റ്റുകൾ മറ്റുള്ളവർക്ക് ഷെയർ ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്.
ഡെവലപ്പർമാർക്കായി ‘ജിപിടി ഇമേജ് 2.5 ഫ്ലെയർ’ (GPT Image 2.5 Flare), ‘ജിപിടി ഇമേജ് 2.5 സൺബർസ്റ്റ്’ (GPT Image 2.5 Sunburst) എന്നിങ്ങനെ രണ്ട് പുതിയ എപിഐ (API) മോഡലുകളും ഓപ്പൺ എഐ അവതരിപ്പിച്ചിട്ടുണ്ട്. സാധാരണ ആപ്ലിക്കേഷനുകൾക്ക് ഡിഫോൾട്ട് ഓപ്ഷനായി ‘ഫ്ലെയർ’ ഉപയോഗിക്കുമ്പോൾ, ഉയർന്ന കൃത്യതയും പ്രൊഫഷണൽ ക്രിയേറ്റീവ് ജോലികളും ആവശ്യമായി വരുന്ന ഘട്ടങ്ങളിലാണ് ‘സൺബർസ്റ്റ്’ മോഡൽ പ്രയോജനപ്പെടുന്നത്.

