ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തരംഗം ദക്ഷിണ കൊറിയക്കാരുടെ വിവാഹ സങ്കൽപ്പങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തുന്നു. ഒരുകാലത്ത് ഡോക്ടർമാരും അഭിഭാഷകരുമായിരുന്നു വിവാഹ വിപണിയിൽ ഒന്നാമതെങ്കിൽ, ഇന്നിപ്പോൾ സാംസങ്, എസ്‌കെ ഹൈനിക്സ് തുടങ്ങിയ സെമികണ്ടക്ടർ കമ്പനികളിലെ ജീവനക്കാർക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. കൊറിയൻ മാച്ച്‌മേക്കിംഗ് സ്ഥാപനമായ ‘ഗെയോൻ’ നൽകുന്ന വിവരങ്ങൾ പ്രകാരം എഐ, ചിപ്പ് നിർമ്മാണ മേഖലകളിലുള്ളവരെ ജീവിതപങ്കാളിയാക്കാനാണ് പുതിയ തലമുറ കൂടുതൽ താല്പര്യം കാണിക്കുന്നത്.
സെമികണ്ടക്ടർ മേഖലയിലുണ്ടായ വൻ സാമ്പത്തിക മുന്നേറ്റമാണ് ഈ മാറ്റത്തിന് പ്രധാന കാരണം. എഐ ചിപ്പുകളുടെ ആവശ്യകത കുതിച്ചുയർന്നതോടെ പ്രമുഖ കമ്പനികളുടെ ലാഭവും ജീവനക്കാരുടെ ബോണസുകളും വലിയ തോതിൽ വർദ്ധിച്ചു. ഉയർന്ന ശമ്പളത്തിന് പുറമെ ലഭിക്കുന്ന കോടികളുടെ ബോണസ് മെച്ചപ്പെട്ട സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുനൽകുന്നുവെന്ന് യുവാക്കൾ കരുതുന്നു. പങ്കാളിയുടെ ഉയർന്ന വരുമാനം കൂടി ചേരുമ്പോൾ സ്വന്തമായി വീട് വാങ്ങാനും ജീവിതനിലവാരം ഉയർത്താനും എളുപ്പമാകുമെന്നാണ് കൊറിയൻ യുവാക്കളുടെ വിലയിരുത്തൽ.

