മുൻപ് പ്രീമിയം സ്മാർട്ട്ഫോണുകളിൽ മാത്രം ലഭ്യമായിരുന്ന 200 മെഗാപിക്സൽ ക്യാമറ സെൻസറുകൾക്ക് വിപണിയിൽ പ്രിയമേറുന്നു. പ്രധാന ക്യാമറകൾക്ക് പുറമെ ടെലിഫോട്ടോ ലെൻസുകളിലും ഇത്തരം ഉയർന്ന റെസല്യൂഷൻ സെൻസറുകൾ ഉൾപ്പെടുത്തുന്നതാണ് പുതിയ തരംഗം. സാംസങ് ഗാലക്സി എസ്26 അൾട്രാ, വിവോ എക്സ്300 അൾട്രാ, ഓപ്പോ ഫൈൻഡ് എക്സ്9 അൾട്രാ, ഷവോമി 17 അൾട്രാ തുടങ്ങിയ മുൻനിര പ്രീമിയം ഫോണുകൾക്കൊപ്പം സാധാരണക്കാർക്കായി റെഡ്മി നോട്ട് 15 പ്രോ പോലെയുള്ള മോഡലുകളും ഈ ഫീച്ചറോടെ ലഭ്യമാണ്. ഇതിൽ വിവോ എക്സ്300 അൾട്രാ, ഓപ്പോ ഫൈൻഡ് എക്സ്9 അൾട്രാ എന്നീ ഫോണുകൾ ഡ്യുവൽ 200 മെഗാപിക്സൽ ക്യാമറ സംവിധാനവുമായാണ് എത്തുന്നത്.
കുറഞ്ഞ ചെലവിൽ മികച്ച ക്യാമറ അനുഭവം ആഗ്രഹിക്കുന്നവർക്കായി 29,999 രൂപ വിലയിലാണ് റെഡ്മി നോട്ട് 15 പ്രോ വിപണിയിലുള്ളത്. അതേസമയം, അത്യാധുനിക സവിശേഷതകളും മൾട്ടിപ്പിൾ ക്യാമറ സെറ്റപ്പുകളും ആഗ്രഹിക്കുന്നവർക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വിലവരുന്ന പ്രീമിയം മോഡലുകൾ തിരഞ്ഞെടുക്കാം. ഉയർന്ന റെസല്യൂഷനും ചിത്രഗുണനിലവാരവും ഉറപ്പുനൽകുന്ന ഈ 200 മെഗാപിക്സൽ ഫോണുകൾ നിലവിൽ സ്മാർട്ട്ഫോൺ വിപണിയിൽ കടുത്ത മത്സരത്തിനാണ് വഴിയൊരുക്കുന്നത്.

