ഇന്ത്യൻ ടെലികോം വിപണിയിൽ വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും താരിഫ് വർധനവിന് വഴിയൊരുങ്ങുന്നു. രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെലും റിലയൻസ് ജിയോയും സമീപദിവസങ്ങളിൽ വരുത്തിയ മാറ്റങ്ങളാണ് നിരക്കുവർധന ഉടൻ ഉണ്ടാകുമെന്ന സൂചന നൽകുന്നത്. 28 ദിവസം മുതൽ 60 ദിവസം വരെ വാലിഡിറ്റിയുണ്ടായിരുന്ന ചില എൻട്രി ലെവൽ പ്രീപെയ്ഡ് ഡേറ്റ പ്ലാനുകൾ കഴിഞ്ഞയാഴ്ച എയർടെൽ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ 300 രൂപയുടെ ജിയോ പ്രൈം സബ്സ്ക്രിപ്ഷൻ പ്ലാൻ ജിയോ വീണ്ടും അവതരിപ്പിച്ചത് വിപണിയിൽ താരിഫ് വർധനയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാക്കിയിരിക്കുകയാണ്.
ഭാവിയിൽ നിരക്കുകൾ വർധിച്ചാലും നിലവിലുള്ള റീച്ചാർജ് പ്ലാനുകൾ ഒരു വർഷത്തേക്ക് തുടരാൻ ഉപഭോക്താക്കളെ അനുവദിക്കുന്നതാണ് ജിയോയുടെ പുതിയ പ്രൈം സബ്സ്ക്രിപ്ഷൻ പ്ലാൻ. 2027 സെപ്റ്റംബർ വരെ വാലിഡിറ്റിയുള്ള ഇത്തരം ഒരു പ്ലാൻ വീണ്ടും കൊണ്ടുവന്നത് വരാനിരിക്കുന്ന വിലവർധനയുടെ വ്യക്തമായ സൂചനയായാണെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് വിലയിരുത്തുന്നു. അടുത്ത ആറുമാസത്തിനുള്ളിൽ ടെലികോം നിരക്കുകളിൽ പരിഷ്കാരം ഉണ്ടായേക്കാമെന്നും, എൻട്രി ലെവൽ സ്മാർട്ട്ഫോൺ പ്ലാനുകളിൽ കുറഞ്ഞത് 50 രൂപയുടെയെങ്കിലും വർധനവ് പ്രതീക്ഷിക്കാമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

