13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങളോടെ ‘ചാറ്റ് ജി.പി.ടി. ഫോർ ടീൻസ്’ അവതരിപ്പിച്ച് പ്രമുഖ എ.ഐ. കമ്പനിയായ ഓപ്പൺ എ.ഐ. ആത്മഹത്യ, സ്വയം ഉപദ്രവിക്കൽ, ലൈംഗിക-പ്രണയ സംഭാഷണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ കർശനമായ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ് ഈ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. വിദ്യാർഥികളെ പഠനത്തിലും ഗൃഹപാഠത്തിലും സഹായിക്കാനും, നേരിട്ട് ഉത്തരങ്ങൾ നൽകുന്നതിനു പകരം അവരെ സ്വയം ചിന്തിച്ച് ശരിയായ ഉത്തരത്തിൽ എത്തിക്കാനും സഹായിക്കുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
എ.ഐ. ചാറ്റ്‌ബോട്ടുകളെ കൗമാരക്കാർ അമിതമായും വൈകാരികമായും ആശ്രയിക്കുന്നു എന്ന വലിയ ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ നിർണായക നടപടി. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഉപയോക്താവിനോട് ചാറ്റ്‌ബോട്ടിന് വ്യക്തിപരമായ വികാരങ്ങളുണ്ടെന്ന് തോന്നിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും സിസ്റ്റം പരിമിതപ്പെടുത്തും. കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് എ.ഐ. സാങ്കേതികവിദ്യ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

