ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയിൽ നടക്കാനിരിക്കുന്ന കൂട്ടപ്പിരിച്ചുവിടൽ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് 26 ജീവനക്കാർ നൽകിയ അടിയന്തര ഹർജി അമേരിക്കൻ കോടതി തള്ളി. ജൂലൈ 22 മുതൽ നിശ്ചയിച്ചിരിക്കുന്ന പിരിച്ചുവിടൽ നടപടികളുമായി മെറ്റയ്ക്ക് മുന്നോട്ട് പോകാമെന്ന് അമേരിക്കൻ ഡിസ്ട്രിക്റ്റ് ജഡ്ജി വില്യം ഓർറിക് വിധി പ്രസ്താവിച്ചു. പിരിച്ചുവിടൽ മൂലം തങ്ങൾക്ക് ഉണ്ടാകുന്ന പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങൾ നിയമപരമായി തെളിയിക്കാൻ ഹർജി നൽകിയ ജീവനക്കാർക്ക് സാധിക്കാത്തതിനാലാണ് കോടതി അടിയന്തര സ്റ്റേ അനുവദിക്കാതിരുന്നത്. എങ്കിലും, പിരിച്ചുവിടൽ പ്രക്രിയയിൽ എഐയുടെ വിവേചനപരമായ ഇടപെടലുകളെക്കുറിച്ച് കൂടുതൽ വ്യക്തമായ തെളിവുകൾ ലഭിക്കുകയാണെങ്കിൽ ഈ വിഷയം വീണ്ടും പരിശോധിക്കാമെന്നും കോടതി ഹർജിക്കാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
തങ്ങളെ പിരിച്ചുവിടാനുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനും റാങ്ക് ചെയ്യാനുമായി മെറ്റ കൃത്രിമബുദ്ധി സംവിധാനങ്ങളെയാണ് ആശ്രയിച്ചതെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. എഐ തയ്യാറാക്കിയ ഉൽപ്പാദനക്ഷമതാ സ്കോറുകളും ആന്തരിക ടൂളുകളും ഉപയോഗിച്ചപ്പോൾ അവധിയിലായിരുന്ന ജീവനക്കാരുടെ പ്രകടനം തെറ്റായി വിലയിരുത്തപ്പെട്ടുവെന്നും, ഇത് മെഡിക്കൽ അവധിയിലുള്ളവരെയും അംഗപരിമിതരെയും വിവേചനപരമായി ബാധിച്ചുവെന്നും ജീവനക്കാർ വാദിച്ചു. എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായി നിഷേധിച്ച മെറ്റ, തങ്ങളുടെ കമ്പനിയിലെ മാനേജർമാർ നേരിട്ടാണ് പിരിച്ചുവിടൽ തീരുമാനങ്ങൾ എടുത്തതെന്നും എഐ സംവിധാനങ്ങളല്ലെന്നും കോടതിയെ അറിയിച്ചു. ഒരു പ്രമുഖ ടെക് കമ്പനി ജീവനക്കാരെ പിരിച്ചുവിടാൻ എഐ ടൂളുകൾ വിവേചനപരമായി ഉപയോഗിച്ചു എന്ന് ആരോപിക്കപ്പെടുന്ന യുഎസിലെ ആദ്യത്തെ കേസാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്.

