ഉപയോക്താക്കളുടെ കടുത്ത പ്രതിഷേധത്തെയും സ്വകാര്യതാ ആശങ്കകളെയും തുടർന്ന് ഇൻസ്റ്റാഗ്രാമിൽ അവതരിപ്പിച്ച പുതിയ എഐ ഇമേജ് ഫീച്ചർ മെറ്റ നിർത്തലാക്കി. പൊതു അക്കൗണ്ടുകളിലെ ചിത്രങ്ങൾ ഉപയോഗിച്ച് പുതിയ ചിത്രങ്ങൾ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ‘മ്യൂസ് ഇമേജ്’ എന്ന സവിശേഷതയാണ് അവതരിപ്പിച്ച് ദിവസങ്ങൾക്കകം കമ്പനിക്ക് പിൻവലിക്കേണ്ടി വന്നത്. മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്‌സ് വികസിപ്പിച്ച ഈ ഫീച്ചർ ഉപയോക്താക്കളുടെ മുൻകൂർ അനുമതിയില്ലാതെ സ്വമേധയാ ആക്ടിവേറ്റ് ചെയ്തതാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്.
ഉപയോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങൾ എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നുവെന്ന് വ്യക്തമായതോടെ പ്രമുഖ താരങ്ങളും ഹോളിവുഡ് യൂണിയനുകളും മെറ്റയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. കൂടാതെ, പ്രമുഖ ഹോളിവുഡ് അഭിനേതാക്കളുടെ യൂണിയനായ SAG-AFTRA, ഇൻസ്റ്റാഗ്രാമിന്റെ ഈ നടപടി അസ്വീകാര്യമാണെന്നും വലിയ ദോഷങ്ങൾ വരുത്തിവെക്കുമെന്നും ചൂണ്ടിക്കാട്ടി ശക്തമായ പ്രസ്താവന പുറപ്പെടുവിച്ചു.
തുടർന്ന് ആഗോളതലത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് ഫീച്ചർ പിൻവലിക്കാൻ മെറ്റ നിർബന്ധിതരായത്. ഉപയോക്താക്കൾക്ക് കൂടുതൽ ക്രിയേറ്റീവ് ആയ ഒരു ഉപകരണം നൽകുക മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും എന്നാൽ ഫീച്ചർ ലക്ഷ്യം കാണാതെ പോയെന്ന ഫീഡ്‌ബാക്ക് ലഭിച്ചതിനാലാണ് ഇത് നിർത്തലാക്കുന്നതെന്നും മെറ്റ പ്രസ്താവനയിലൂടെ അറിയിച്ചു. മെറ്റാ എഐ ചാറ്റ്‌ബോട്ടിൽ ഉൾപ്പെടുത്തിയിരുന്ന ഈ ഫീച്ചർ വഴി നിലവിലുള്ള ഫോട്ടോകളിൽ മാറ്റങ്ങൾ വരുത്താനും പുതിയവ സൃഷ്ടിക്കാനും സാധിക്കുമായിരുന്നു.

