40 വര്‍ഷം മുമ്പ് നിര്‍മിച്ച് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ 4കെ റീസ്റ്റോറേഷന്‍ ചെയ്ത ജോണ്‍ എബ്രഹാം സിനിമ അമ്മ അറിയാന്‍ കാന്‍ ഫെസ്റ്റിവലിലേയ്ക്ക്. ചിത്രത്തിലെ നായകന്‍ ജോയ് മാത്യു, ഛായാഗ്രാഹകന്‍ വേണു, എഡിറ്റര്‍ ബീന പോള്‍, ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശിവേന്ദ്രസിംഗ് ദുംഗാര്‍പൂര്‍ എന്നിവര്‍ ചേര്‍ന്നാണ് കാനില്‍ ചിത്രം അവതരിപ്പിക്കുക.
മെയ് 16ന് കാനിലെ ബുനുവല്‍ തീയറ്ററില്‍ വൈകീട്ട് 3:45നാണ് സ്‌ക്രീനിംഗ്. 2001-ല്‍ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എക്കാലത്തെയും മികച്ച 10 ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ജോണ്‍ എബ്രഹാമിന്റെ ഈ കള്‍ട്ട് മലയാളം സിനിമയ്ക്കു ലഭിക്കുന്ന മറ്റൊരു വലിയ ആഗോള അംഗീകാരമാകും കാനിലെ സ്‌ക്രീനിംഗ്.
തനിക്ക് ആദ്യ നായകവേഷം നല്‍കിയ അമ്മ അറിയാന്‍ ഈ വര്‍ഷം കാനില്‍ പ്രദര്‍ശിപ്പിക്കുന്നത് വലിയ അംഗീകാരമായി കാണുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു. ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ ഏകദേശം മൂന്ന് വര്‍ഷം ചിലവഴിച്ചു.കൂടാതെ ഇതിലെ നിരവധി കഥാപാത്രങ്ങള്‍ക്ക് ഞാന്‍ തന്നെ ശബ്ദവും നല്‍കി.ലോകമെമ്പാടുമുള്ള പുതിയ പ്രേക്ഷകര്‍ക്ക് ‘അമ്മ അറിയാന്‍’ എത്തിക്കുന്നതില്‍ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ നടത്തിയ പുനരുദ്ധാരണ ശ്രമങ്ങളോട് അതിയായ നന്ദിയുണ്ട്.”ആദ്യം വിമര്‍ശകര്‍ ശ്രദ്ധിക്കാതിരിക്കുകയും ഏറെക്കുറെ നിരസിക്കുകയും ചെയ്ത ചിത്രത്തിന്റെ റെസ്റ്റോറേഷനുവേണ്ടി സമയവും സൂക്ഷ്മമായ അദ്ധ്വാനവും സമര്‍പ്പിച്ച ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂരിനോടും മഹത്തായ പൈതൃക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഫെസ്റ്റിവല്‍ പ്രോഗ്രാമര്‍മാരോടും നന്ദി രേഖപ്പെടുത്തുന്നു, ജോയ് മാത്യു പറഞ്ഞു.

