അശ്ലീല ഉള്ളടക്കങ്ങളുടെ പേരിൽ പ്രചരിക്കുന്ന വ്യാജ ആൻഡ്രോയ്ഡ് ആപ്പുകൾ ഉപയോഗിച്ച് രാജ്യത്ത് വൻതോതിൽ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ‘നാഷണൽ സൈബർക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റ്’ മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങളും ആകർഷകമായ ലിങ്കുകളും ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഇത്തരത്തിലുള്ള ആപ്പുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
വിവിധ പേരുകളിൽ എത്തുന്ന ഇത്തരം പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുന്ന ഉപയോക്താക്കളെ തട്ടിപ്പുകാർ അശ്ലീല വെബ്‌സൈറ്റുകളിലേക്ക് വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്. തുടർന്ന്, ഗൂഗിൾ പ്ലേ സ്റ്റോറിന് പുറത്തുനിന്നുള്ള സുരക്ഷിതമല്ലാത്ത എ.പി.കെ (APK) ഫയലുകൾ ഫോണിൽ ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളെ ഇവർ പ്രേരിപ്പിക്കുന്നു.
ആദ്യത്തെ ആപ്പിന് ലഭിക്കുന്ന പെർമിഷനുകൾ ദുരുപയോഗം ചെയ്ത് രണ്ടാമതൊരു പാക്കേജ് കൂടി ഫോണിൽ ഡൗൺലോഡ് ചെയ്യിപ്പിക്കാനും തട്ടിപ്പുകാർ ശ്രമിക്കാറുണ്ട്. ഇതിലൂടെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം കൈക്കലാക്കുന്ന ഇവർ, വി.പി.എൻ (VPN) സൗകര്യം ഇൻസ്റ്റാൾ ചെയ്ത് ഫോണിലെ രഹസ്യ വിവരങ്ങൾ ചോർത്തുന്നു. ഇതുവഴി വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, ഇത്തരം വ്യാജ ലിങ്കുകൾക്കും ആപ്പുകൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

