ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ചൈനീസ് ടെക് ഭീമനായ അലിബാബയുടെ ‘Qwen’ എ.ഐ. മോഡലുകൾ വൻ മുന്നേറ്റം നടത്തുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ Qwen മോഡലുകൾക്ക് മൂന്ന് ബില്യണിലധികം ഡൗൺലോഡുകളാണ് ലഭിച്ചതെന്ന് കമ്പനി അറിയിച്ചു. ഇതോടെ ഗൂഗിൾ, മെറ്റ, ഓപ്പൺഎ.ഐ തുടങ്ങിയ ആഗോള ഭീമന്മാരുടെ മോഡലുകളെ ഡൗൺലോഡ് കണക്കുകളിൽ Qwen പിന്നിലാക്കിയിരിക്കുകയാണ്.
ഹഗ്ഗിങ് ഫേസിന്റെ കണക്കുപ്രകാരം, 2026-ൽ ഗൂഗിളിന്റെ എ.ഐ. മോഡലുകൾക്ക് ഏകദേശം 41.8 കോടി ഡൗൺലോഡുകളും, മെറ്റയുടെ മോഡലുകൾക്ക് 22.7 കോടി ഡൗൺലോഡുകളുമാണ് ലഭിച്ചത്. ഇവയുമായി താരതമ്യം ചെയ്യുമ്പോൾ Qwen നേടിയ മൂന്ന് ബില്യൺ ഡൗൺലോഡ് ചരിത്രപരമായ നേട്ടമാണ്. അലിബാബയുടെ ക്യുവെൻ കുടുംബത്തിൽ ഇതിനകം 460-ലേറെ ഓപ്പൺ വെയ്റ്റ് എ.ഐ. മോഡലുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇവയെ അടിസ്ഥാനമാക്കി മൂന്ന് ലക്ഷത്തിലേറെ ഡെറിവേറ്റീവ് മോഡലുകളും വികസിപ്പിച്ചതായി കമ്പനി വ്യക്തമാക്കി. മോഡലുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്ത് സ്വന്തം ആവശ്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്താനും വിവിധ ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കാനും കഴിയുന്നതാണ് ഡെവലപ്പർമാർക്കിടയിൽ ഇതിന് വലിയ സ്വീകാര്യത നേടിക്കൊടുത്തത്.

