ഒറാക്കിളിൽ ‘നിശബ്ദ പിരിച്ചുവിടൽ’; പതിനായിരത്തോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യത

ഒറാക്കിളിൽ ‘നിശബ്ദ പിരിച്ചുവിടൽ’; പതിനായിരത്തോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യത

പ്രമുഖ ടെക് ഭീമന്മാരായ ഒറാക്കിളിൽ സെപ്റ്റംബർ മാസത്തെ പിരിച്ചുവിടലുകൾ വലിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ നിശബ്ദമായി ആരംഭിച്ചതായി റിപ്പോർട്ട്. മുൻകാലങ്ങളിലെപ്പോലെ കൂട്ടത്തോടെയുള്ള ഇമെയിൽ സന്ദേശങ്ങൾക്ക് പകരം കമ്പനി ഇത്തവണ അതീവ രഹസ്യമായാണ് നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ജീവനക്കാരുടെ സ്ലാക്ക് അക്കൗണ്ടുകളിലെ അംഗസംഖ്യ പെട്ടെന്ന് കുറയുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പിരിച്ചുവിടൽ വിവരങ്ങൾ പുറത്തറിയാൻ തുടങ്ങിയത്. അമേരിക്കയിലെ ഒറാക്കിൾ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിൽ നിന്ന് വിപിമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ ഇതിനോടകം ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാർച്ച് മാസത്തിൽ പതിനായിരത്തിലധികം ജീവനക്കാർക്ക് ഒരേസമയം പിരിച്ചുവിടൽ ഇമെയിലുകൾ അയച്ചത് കമ്പനിക്ക് വലിയ രീതിയിൽ മോശം പ്രതിച്ഛായ ഉണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ മാധ്യമശ്രദ്ധയും പൊതുജന വിമർശനങ്ങളും ഒഴിവാക്കാനാണ് ഒറാക്കിൾ ഇത്തവണ നിശബ്ദ പിരിച്ചുവിടൽ രീതി സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയടക്കമുള്ള വിവിധ ഡിവിഷനുകളിലെ മാനേജർമാർക്ക് ചെലവ് ചുരുക്കാൻ നേരത്തെ തന്നെ നിർദ്ദേശം ലഭിച്ചിരുന്നു. പുതിയ ആഗോള റൗണ്ടിൽ ഏഴായിരം മുതൽ പതിനായിരം വരെ ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് ജീവനക്കാർക്കിടയിലെ അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഒറ്റയടിക്കല്ലാതെ ഘട്ടംഘട്ടമായി നടപ്പാക്കുന്നതിനാൽ യഥാർത്ഥ വിവരങ്ങൾ ലഭ്യമാകാൻ വൈകുമെങ്കിലും ഒറാക്കിളിന്റെ ഈ നീക്കം ടെക് ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.

administrator

Related Articles