ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ പ്രൊഫൈലുകൾക്കും ‘എഐ ഇൻഫ്ലുവൻസേഴ്സിനും’ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി ഇൻസ്റ്റഗ്രാം. എഐ അക്കൗണ്ടുകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം ഇവ വഴി സമൂഹത്തിൽ തെറ്റായ സന്ദേശങ്ങളും വ്യാജ വിവരങ്ങളും പ്രചരിക്കുന്നത് വർധിച്ച സാഹചര്യത്തിലാണ് മെറ്റ നടപടികൾ കടുപ്പിക്കുന്നത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് യഥാർത്ഥ വ്യക്തികളെന്ന് തോന്നിക്കുന്ന രീതിയിൽ വീഡിയോകളും ഉള്ളടക്കങ്ങളും നിർമ്മിക്കുന്ന പ്രൊഫൈലുകൾ ഇനി മുതൽ അത് വ്യക്തമാക്കുന്ന ലേബലുകൾ നിർബന്ധമായും നൽകേണ്ടി വരും.
നിലവിലുള്ള ‘എഐ ക്രിയേറ്റർ’ (AI creator) എന്ന ലേബലിന് പകരം ‘എഐ ജനറേറ്റഡ് പ്രൊഫൈൽ’ (AI-generated profile) എന്ന പുതിയ ലേബലാണ് ഇനി ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടുത്തുക. പ്രൊഫൈലിൽ കാണുന്ന വ്യക്തി യഥാർത്ഥ മനുഷ്യനല്ല എന്ന് ഉപയോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൃത്യമായി ലേബൽ ചെയ്യാതെ പ്രവർത്തിക്കുന്ന അക്കൗണ്ടുകളുടെ ഉള്ളടക്കങ്ങൾ ഉപയോക്താക്കൾക്കുള്ള നിർദ്ദേശങ്ങളിൽ (Recommendations) നിന്ന് ഒഴിവാക്കുമെന്നും അവയുടെ റീച്ച് വലിയ തോതിൽ കുറയ്ക്കുമെന്നും മെറ്റ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

