പുതുതായി പ്രഖ്യാപിച്ച ജെ.സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി പദ്ധതിയെ സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ, ഐ.എഫ്.എഫ്.കെ ചലച്ചിത്ര മേളയുടെ സ്ഥിരം വേദിയായി തലസ്ഥാന നഗരിയെത്തന്നെ നിലനിർത്തണമെന്ന ആവശ്യവുമായി ഡോ. ശശി തരൂർ എം.പി. ഇക്കാര്യമുന്നയിച്ച് സംസ്ഥാന സാംസ്കാരിക-സിനിമ-തുറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് അദ്ദേഹം കത്തയച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഐ.എഫ്.എഫ്.കെയുടെ ആസ്ഥാനം തിരുവനന്തപുരമാണെന്നും ആ പാരമ്പര്യം അവിടെത്തന്നെ തുടരണമെന്നും ശശി തരൂർ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിൽ വിജയകരമായി മുപ്പതാം പതിപ്പ് പൂർത്തിയാക്കിയ ഐ.എഫ്.എഫ്.കെ, തിരുവനന്തപുരത്തിന്റെ മണ്ണിൽ ജനിച്ചുവളർന്ന് ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിലൊന്നായി മാറിയതാണെന്ന് തരൂർ ഓർമ്മിപ്പിച്ചു. മേളകളുടെ അന്തസ്സും വിജയവും അതിന്റെ തുടർച്ചയിലാണ് നിലകൊള്ളുന്നത്. സിനിമകൾ കൂടുതലായി നിർമ്മിക്കപ്പെടുന്ന നഗരത്തിൽ തന്നെ ചലച്ചിത്ര മേളയും നടത്തണമെന്ന യാതൊരു നിർബന്ധവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്ര മേള മുംബൈയിലല്ല, മറിച്ച് ഗോവയിലാണ് നടക്കുന്നത്; വിഖ്യാതമായ കാൻ ചലച്ചിത്ര മേള നടക്കുന്നത് പാരീസിലല്ല, ഒരു തീരദേശ നഗരത്തിലാണ് എന്ന അന്താരാഷ്ട്ര ഉദാഹരണങ്ങളും തരൂർ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

