പൊന്നാടയും ബൊക്കെയും വേണ്ട, പകരം പുസ്തകം തരൂ

പൊന്നാടയും ബൊക്കെയും വേണ്ട, പകരം പുസ്തകം തരൂ

പൊതുപരിപാടികളിൽ ഉപഹാരങ്ങളായി നൽകുന്ന മൊമെന്റോകൾ, പൊന്നാടകൾ, ബൊക്കെകൾ എന്നിവ ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി പാലക്കാട് എം.എൽ.എ രമേഷ് പിഷാരടി. വായനാദിനത്തോടനുബന്ധിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വേറിട്ട തീരുമാനം ജനങ്ങളെ അറിയിച്ചത്. സംഘാടകർക്ക് എന്തെങ്കിലും നൽകണമെന്ന് അത്രമേൽ നിർബന്ധമാണെങ്കിൽ, ഇത്തരം വസ്തുക്കൾക്ക് പകരം പുസ്തകങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലാണ് രമേഷ് പിഷാരടി ഇക്കാര്യം അറിയിച്ചത്.

എം.എൽ.എ എന്ന നിലയിൽ മാസം കുറഞ്ഞത് 50 പൊതുപരിപാടികളിലെങ്കിലും ഞാൻ പങ്കെടുക്കാറുണ്ട്. മിക്ക പരിപാടികളിലും മൊമെന്റോയോ പൊന്നാടയോ ബൊക്കെയോ, അല്ലെങ്കിൽ ഇവ മൂന്നും കൂടിയോ ലഭിക്കാറുണ്ട്. ഇതിനായി സംഘാടകർക്ക് കുറഞ്ഞത് ആയിരം രൂപയെങ്കിലും ചെലവ് വരുന്നുണ്ട്. സംഘാടകർക്ക് ഈ തുക പൂർണ്ണമായും ഒഴിവാക്കാം, ഒഴിവാക്കണം. ഇത് നൽകുന്നത് നിങ്ങളുടെ സ്നേഹമാണെന്ന് എനിക്കറിയാം. എങ്കിലും നിർബന്ധമാണെങ്കിൽ ഇവയ്ക്ക് പകരം പുസ്തകം തന്നാൽ മതി. അത് എനിക്ക് വായിക്കാം, അതിനുശേഷം നാട്ടിലെ വായനശാലകൾക്ക് കൈമാറുകയും ചെയ്യാം രമേഷ് പിഷാരടി കുറിച്ചു.

രമേഷ് പിഷാരടിയുടെ ഈ പ്രഖ്യാപനത്തെ വലിയ രീതിയിലുള്ള പ്രശംസകളോടെയാണ് സോഷ്യൽ മീഡിയ വരവേറ്റത്. ഒരു ജനപ്രതിനിധിയുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് മികച്ച ഉദാഹരണമാണിതെന്ന് നിരവധി പേർ കമന്റുകളിലൂടെ അഭിപ്രായപ്പെട്ടു. “വളരെ നല്ല തീരുമാനം. എം.എൽ.എയുടെ ഓഫീസിലെ സ്റ്റാഫിനോട് തന്നെ ഈ കാര്യം മുൻകൂട്ടി പറയാൻ നിർദ്ദേശിച്ചാൽ മതി. പരിപാടികൾ ബുക്ക് ചെയ്യാൻ വരുമ്പോൾ സംഘാടകർക്ക് കഥയോ നോവലോ പോലുള്ള പുസ്തകങ്ങൾ കരുതാം.” എന്ന് ഒരാൾ കുറിച്ചപ്പോൾ, ഈ മികച്ച മാതൃക കേരളത്തിലെ മറ്റ് എം.എൽ.എമാരും ജനപ്രതിനിധികളും മാതൃകയാക്കണമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

administrator

Related Articles