സ്മാർട്ട്‌ഫോണുകളിലെ ലോക്ക്ഡൗൺ മോഡിന് സമാനമായി, ഉപയോക്താക്കളുടെ ഡാറ്റാ സുരക്ഷ ഉറപ്പാക്കാൻ പുതിയ സംവിധാനവുമായി ഓപ്പൺഎഐ രംഗത്തെത്തിയിരിക്കുന്നു. ചാറ്റ് ജിപിടി ഉപയോഗിക്കുമ്പോൾ വ്യക്തിഗത വിവരങ്ങൾ ചോരാനോ ചൂഷണം ചെയ്യപ്പെടാനോ ഉള്ള സാധ്യതകൾ മുൻകൂട്ടി കണ്ട് അവ തടയുകയാണ് ഈ പുതിയ ‘ലോക്ക്ഡൗൺ മോഡിന്റെ’ ലക്ഷ്യം. ഇന്റർനെറ്റുമായി സംവദിക്കുമ്പോൾ എഐ മോഡലുകൾ നേരിടുന്ന വെല്ലുവിളികൾ പരിഗണിച്ചാണ് ഓപ്പൺഎഐ ഇത്തരമൊരു സുരക്ഷാ കവചം ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ ‘എലിവേറ്റഡ് റിസ്ക് ലേബലുകൾ’ എന്ന ഫീച്ചറും കമ്പനി അവതരിപ്പിക്കുന്നുണ്ട്.
ബാഹ്യ ഉറവിടങ്ങളിൽ നിന്നുള്ള ഇടപെടലുകൾ നിയന്ത്രിക്കാൻ ലോക്ക്ഡൗൺ മോഡ് ഉപയോക്താക്കളെ സഹായിക്കും. സെൻസിറ്റീവ് ഡാറ്റ ബ്രൗസിംഗിലൂടെ അക്രമികൾ ചോർത്തുന്നത് തടയാൻ ചില സുരക്ഷാ ഉറപ്പുകൾ നൽകാൻ കഴിയാത്ത സന്ദർഭങ്ങളിൽ ചില ഫീച്ചറുകൾ ഈ മോഡിൽ പൂർണ്ണമായും പ്രവർത്തനരഹിതമാക്കപ്പെടും. ഹാക്കർമാർ സിസ്റ്റത്തിലേക്ക് ക്ഷുദ്രകരമായ ഫയലുകൾ എത്തിക്കാൻ ശ്രമിക്കുന്ന ‘പ്രോംപ്റ്റ് ഇൻജക്ഷൻ’ പോലുള്ള ഭീഷണികളെ ഫലപ്രദമായി നേരിടാൻ ഇതുവഴി സാധിക്കും. AI ഏജന്റുകൾ സ്വയം തെറ്റായ രീതിയിൽ പ്രവർത്തിക്കാനുള്ള സാധ്യതകളെക്കുറിച്ചും ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകും.

