ലോകത്തെ ഞെട്ടിച്ചുകൊണ്ട് കണ്‍സള്‍ട്ടിംഗ് ഭീമന്മാരായ മക്കിന്‍സി ആന്‍ഡ് കമ്പനിയില്‍ വന്‍ മാറ്റം. കമ്പനിയിലെ ആകെയുള്ള 60,000 ജീവനക്കാരില്‍ 25,000 പേരും ഇപ്പോള്‍ മനുഷ്യരല്ല, മറിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഏജന്റുകളാണ്. വെറും ഒന്നര വര്‍ഷത്തിനിടയിലാണ് ആയിരത്തില്‍ താഴെയായിരുന്ന എഐ ഏജന്റുകളുടെ എണ്ണം 25,000 ആയി ഉയര്‍ന്നതെന്ന് മക്കിന്‍സി സിഇഒ ബോബ് സ്റ്റെര്‍ണ്‍ഫെല്‍സ് വെളിപ്പെടുത്തി.
സാധാരണ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന ബോട്ടുകളല്ല ഇവ. ഡാറ്റ വിശകലനം ചെയ്യാനും, ബിസിനസ് പ്ലാനുകള്‍ തയ്യാറാക്കാനും, സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളില്‍ മനുഷ്യസഹായമില്ലാതെ തീരുമാനമെടുക്കാനും കഴിവുള്ള അത്യാധുനിക എഐ ഏജന്റുകളാണിവര്‍. കമ്പനിയുടെ മൊത്തം പ്രവര്‍ത്തനങ്ങളുടെ 40 ശതമാനവും ഇപ്പോള്‍ എഐ പ്രോജക്റ്റുകളെ അടിസ്ഥാനമാക്കിയാണ്. വരും വര്‍ഷങ്ങളില്‍ ഓരോ മനുഷ്യ ജീവനക്കാരനും ഒരു വ്യക്തിഗത എഐ പങ്കാളി എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണ് മക്കിന്‍സിയുടെ ലക്ഷ്യം.
മക്കിന്‍സി മാത്രമല്ല, ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് (BCG), പിഡബ്ല്യുസി (PwC) തുടങ്ങിയ മുന്‍നിര കമ്പനികളും ഈ പാതയിലാണ്. കണ്‍സള്‍ട്ടിംഗ് ഫീസ് വാങ്ങുന്ന പഴയ രീതിയില്‍ നിന്ന് മാറി, ബിസിനസ് ഫലങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ലാഭം പങ്കിടുകയും ചെയ്യുന്ന പുത്തന്‍ ബിസിനസ് ശൈലിയിലേക്കാണ് എഐയുടെ സഹായത്തോടെ ഈ സ്ഥാപനങ്ങള്‍ ചുവടുവെക്കുന്നത്.

