മാറുന്ന ഡിജിറ്റൽ ലോകത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വിവിധ ആധുനിക സാങ്കേതികവിദ്യകൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരളവിഷന്റെ പുതിയ സംരംഭമായ ‘ടേണിങ് കൺസൾട്ടൻസി സർവീസസ്’ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ ദൈനംദിന പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനും ആവശ്യമായ സമഗ്ര ഐടി ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾ ഒരുക്കുകയാണ് ഈ പുതിയ സംരംഭത്തിന്റെ ലക്ഷ്യം. സി.ഒ.എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ, കെ.സി.സി.എൽ ചെയർമാൻ സുരേഷ് കുമാർ പി.പി, മാനേജിംഗ് ഡയറക്ടർ അനിൽ മംഗലത്ത്, മുൻ ചെയർമാൻ കെ. ഗോവിന്ദൻ, ടേണിങ്സ് മാനേജിംഗ് ഡയറക്ടർ കെ.വി. രാജൻ എന്നിവർ ചേർന്ന് കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു.
വിവിധ ടെക്നോളജി സേവനങ്ങൾ സമഗ്രമായി നൽകുന്ന ഒരു ഏകോപിത പ്ലാറ്റ്ഫോമായി കേരളവിഷൻ മാറിയിരിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രവീൺ മോഹൻ പറഞ്ഞു. ഇ.എൽ.വി സിസ്റ്റങ്ങൾ, ഐടി നെറ്റ്വർക്കിങ്, ബിൽഡിങ് മാനേജ്മെന്റ് സിസ്റ്റം, വൈഫൈ നെറ്റ്വർക്കിങ്, ഡാറ്റ സെന്റർ സൗകര്യങ്ങൾ, കോൺഫറൻസ് ഹാളുകൾക്കായുള്ള ഓഡിയോ വിഷ്വൽ സംവിധാനങ്ങൾ, സിസിടിവി, സ്മാർട്ട് ബിൽഡിങ് ഓട്ടോമേഷൻ, ഐ.ഒ.ടി, എ.ഐ സാങ്കേതിക വിദ്യകൾ തുടങ്ങി വിപുലമായ സേവനങ്ങളാണ് ടേണിങ്സിലൂടെ ലഭ്യമാകുന്നത്.
സംസ്ഥാനത്ത് പുതുതായി ഉയരുന്ന മാളുകൾ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ആശുപത്രികൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ കേബിളിങ്, സെക്യൂരിറ്റി, ഇന്റർനെറ്റ് സൊല്യൂഷനുകൾ എന്നിവയ്ക്കായി വിവിധ കമ്പനികളെ ആശ്രയിക്കുന്ന രീതിക്ക് പകരം, എല്ലാ സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കുന്ന ‘ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ’ എന്ന നിലയിലാണ് ടേണിങ്സ് പ്രവർത്തിക്കുകയെന്ന് മാനേജിംഗ് ഡയറക്ടർ കെ.വി. രാജൻ വ്യക്തമാക്കി.
നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പഴയ സാങ്കേതിക സംവിധാനങ്ങളെ പൂർണ്ണമായും മാറ്റാതെ തന്നെ കുറഞ്ഞ ചിലവിൽ പുതിയ രീതിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള കൺസൾട്ടൻസി ഇൻസ്റ്റലേഷൻ സേവനങ്ങളും ടേണിങ്സ് വഴി ഉപഭോക്താക്കൾക്ക് ലഭിക്കും.

