ഓസ്‌കാറില്‍ ഇടം നേടി ‘ഹോംബൗണ്ട്’

ഓസ്‌കാറില്‍ ഇടം നേടി ‘ഹോംബൗണ്ട്’

98 ാമത് ഓസ്‌കാര്‍ അവാര്‍ഡില്‍ മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പ്രഥമ പരിഗണന പട്ടികയില്‍ ഇടംപിടിച്ച് ഹിന്ദി ചിത്രം ‘ഹോംബൗണ്ട്’. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായിട്ടാണ് നീരജ് ഗയ്‌വാന്‍ സംവിധാനം ചെയ്ത ചിത്രം ഇടം നേടിയിരിക്കുന്നത്. വിദേശ ഭാഷ വിഭാഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും 15 സിനിമകളാണ് ഇടം നേടിയത്. 2025 ല്‍ കാന്‍ ഫിലിം ഫെസ്റ്റിവലിലും ടൊറന്റോ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ടൊറൊന്റോ ഫിലിം ഫെസ്റ്റിവലില്‍ പീപ്പിള്‍സ് ചോയ്‌സ് ഇന്റര്‍നാഷ്ണല്‍ അവാര്‍ഡും ചിത്രം നേടി.

സെപ്റ്റംബര്‍ 26 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. വടക്കേ ഇന്ത്യയിലെ ചെറിയൊരു ഗ്രാമത്തിലെ രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ് ‘ഹോംബൗണ്ട്’. പൊലീസ് ഓഫീസര്‍മാരാകാന്‍ ആഗ്രഹിക്കുന്ന രണ്ടു മതത്തില്‍പ്പെട്ട സുഹൃത്തുക്കളും, തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളുമാണ് ചിത്രം പറയുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ഇഷാന്‍ ഖട്ടര്‍, വിശാല്‍ ജേത്വ, ജാന്‍വി കപൂര്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തിയത്. ബെനെഡിക്റ്റ് ടെയ്‌ലറും നരേന്‍ ചന്ദാവര്‍ക്കറും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

പന്ത്രണ്ടോളം കാറ്റഗറികളുടെ ഷോര്‍ട്ട്‌ലിസ്റ്റാണ് ഓസ്‌കാര്‍ അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്. അര്‍ജന്റീനയുടെ ‘ബെലെന്‍’, ബ്രസീലിന്റെ ‘ദ് സീക്രട്ട് ഏജന്റ്’, ഫ്രാന്‍സിന്റെ ‘ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്’, ജര്‍മനിയുടെ ‘സൗണ്ട് ഓഫ് ഫാളിങ്’, ഇറാഖിന്റെ ‘ദ് പ്രസിഡന്റ്‌സ് കേക്ക്’, ജപ്പാന്റെ ‘കൊകുഹോ’, ജോര്‍ദാനിന്റെ ‘ഓള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യു’, നോര്‍വേയുടെ ‘സെന്റിമെന്റല്‍ വാല്യു’, പലസ്തീന്റെ ‘പലസ്തീന്‍ 36’, ദക്ഷിണ കൊറിയയുടെ ‘നോ അദര്‍ ചോയ്‌സ്’, സ്‌പെയിനിന്റെ ‘സിറത്ത്’, സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ‘ലേറ്റ് ഷിഫ്റ്റ്’, തായ്‌വാന്റെ ‘ലെഫ്റ്റ് ഹാന്‍ഡഡ് ഗേള്‍’, ടുണീഷ്യയുടെ ‘ദ് വോയ്‌സ് ഓഫ് ഹിന്ദ് റജബ്’ എന്നിവയും പുരസ്‌കാരത്തിനായി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സിനിമകളുടെ ഔദ്യോഗിക പട്ടിക അടുത്ത വര്‍ഷം ജനുവരി 22ന് പ്രഖ്യാപിക്കും. മാര്‍ച്ച് 15നാണ് 98ാമത് ഓസ്‌കാര്‍ പുരസ്‌കാരം.

administrator

Related Articles