1.3 ബില്യണ്‍ പാസ്‌വേഡുകളും രണ്ട് ബില്യണിലധികം ഇമെയില്‍ വിലാസങ്ങളും ചോര്‍ന്നു

1.3 ബില്യണ്‍ പാസ്‌വേഡുകളും രണ്ട് ബില്യണിലധികം ഇമെയില്‍ വിലാസങ്ങളും ചോര്‍ന്നു

ടെക്ക് ലോകത്ത് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത് ഡാര്‍ക്ക് വെബില്‍ ചോര്‍ന്ന കോടിക്കണക്കിന് ലോഗിന്‍ വിവരങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ്. ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലിയ ലോഗിന്‍ ഡാറ്റ ലീക്കുകളില്‍ ഒന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം രണ്ട് ബില്യണ്‍ ഇമെയില്‍ വിലാസങ്ങളും 1.3 ബില്യണ്‍ പാസ്‌വേഡുകളും ചോര്‍ന്നവയിലുണ്ട്. ഓപ്പണ്‍ വെബ്‌സൈറ്റുകളിലും ഡാര്‍ക്ക്‌വെബ് ഫോറങ്ങളിലും വര്‍ഷങ്ങളായി പ്രചരിച്ചിരുന്ന ലോഗിന്‍ ക്രെഡന്‍ഷ്യലുകളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഡാര്‍ക്ക് വെബില്‍ പ്രചരിക്കുന്ന ലോഗിന്‍ ക്രെഡന്‍ഷ്യലുകളുടെ അമ്പരപ്പിക്കുന്ന തോതിനെ കുറിച്ച് മൈക്രോസോഫ്റ്റ് റീജിയണല്‍ ഡയറക്ടറും ‘ഹാവ് ഐ ബീന്‍ പോവ്ണ്‍ഡ്’ (Have I Been Pwned) സ്രഷ്ടാവുമായ ട്രോയ് ഹണ്ട് മുന്നറിയിപ്പ് നല്‍കി. ഈ ചോര്‍ന്ന ഡാറ്റകള്‍ ഇപ്പോള്‍ ഡാര്‍ക് വെബില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

സിന്തിയന്റ് എന്ന സൈബര്‍ സുരക്ഷാ കമ്പനി, കഴിഞ്ഞ കാലങ്ങളില്‍ നടന്ന നിരവധി ഡാറ്റാ ലംഘനങ്ങളില്‍ മോഷ്ടിക്കപ്പെട്ട ക്രെഡന്‍ഷ്യലുകളുടെ ഒരു വലിയ പുതിയ ഡാറ്റാസെറ്റ് സമാഹരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ ഡാറ്റ ഒരൊറ്റ വലിയ ഹാക്കില്‍ നിന്നല്ല വന്നതെന്ന് സൈബര്‍ സുരക്ഷാ ഗവേഷകര്‍ പറയുന്നു. വര്‍ഷങ്ങളായി ഇന്റര്‍നെറ്റിലും ഡാര്‍ക്ക് വെബിലും ഉള്ള പഴയ ചോര്‍ന്ന പാസ്‌വേഡുകളും ഇമെയില്‍ ലിസ്റ്റുകളും സംയോജിപ്പിച്ചാണ് ഈ പുതിയ ശേഖരം സൃഷ്ടിച്ചിരിക്കുന്നത്. നിരവധി വെബ്‌സൈറ്റുകളും ഡാര്‍ക്ക്‌വെബ് ഫോറങ്ങളും സ്‌കാന്‍ ചെയ്താണ് ഈ സിന്തിയന്റ് ഈ അമ്പരപ്പിക്കുന്ന ഡാറ്റ ശേഖരിച്ചിരിക്കുന്നത്. നേരത്തെയും കമ്പനി 18 കോടിയിലധികം ചോര്‍ന്ന ഇമെയില്‍ അക്കൗണ്ടുകള്‍ കണ്ടെത്തിയിരുന്നു. ഇത്തവണ സിന്തിയന്റ് മുഴുവന്‍ ഡാറ്റയും സംയോജിപ്പിച്ച് ഹാവ് ഐ ബീന്‍ പവ്‌നെഡിന്റെ സ്രഷ്ടാവായ ട്രോയ് ഹണ്ടിനെക്കൊണ്ട് പരിശോധിപ്പിച്ചു. മുമ്പ് പലതവണകളായി ചേര്‍ന്ന പാസ്‌വേഡുകളും ഇതിലുണ്ടെന്ന് ഹണ്ട് കണ്ടെത്തി.

administrator

Related Articles