1975 ആഗസ്റ്റ് അഞ്ചിനാണ് ഷോലെ പുറത്തിറങ്ങിയത്. രമേശ് സിപ്പിയുടെ സംവിധാനത്തില്‍ അമിതാഭ് ബച്ചന്, ധര്‍മ്മേന്ദ്ര, സഞ്ജീവ് കുമാര്‍, അംജദ് ഖാന്, ജയ ബച്ചന്, ഹേമ മാലിനി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. ഇപ്പോഴിതാ ഷോലെ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്.
‘ഷോലെ ദി ഫൈനല്‍ കട്ട്’ എന്ന പേരില്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിച്ച 4K പതിപ്പില്‍ ഇന്ത്യന്‍ സിനിമകളിലേക്ക് തിരിച്ചെത്തും. 2025 ഡിസംബര്‍ 12 ന് ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. ചിത്രത്തിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് റിലീസ്, 1,500 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.
ചിത്രത്തിന്റെ കട്ട് ചെയ്യാത്ത പതിപ്പ് പ്രേക്ഷകര്‍ക്ക് അനുഭവിക്കാന്‍ അവസരം നല്കുന്നതിനാല് ഈ റീ റിലീസ് അല്‍പ്പം സ്പെഷ്യല്‍ ആണ്. സലിം ഖാനും ജാവേദ് അക്തറും അടങ്ങുന്ന ജോഡിയായ സലിം ജാവേദ് ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമയാണിത്. റിലീസ് ചെയ്തപ്പോള്‍ തന്നെ ചിത്രം നിരവധി ബോക്സ് ഓഫിസ് റെക്കോഡുകള്‍ തകര്‍ത്തിരുന്നു. ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസങ്ങളില്‍ മോശം അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുകയും ബോക്സ് ഓഫീസില്‍ ബമ്പര്‍ ഹിറ്റായി മാറുകയും ചെയ്തു.

