2026ലെ ഗ്രാമി പുരസ്കാരങ്ങളില് ഏറ്റവും അധികം നാമനിര്‍ദേശങ്ങളുമായി കെന്‍ഡ്രിക് ലമാര്‍. ലമാറിന്റെ ‘ജിഎന്‍എക്സ്’ എന്ന ഹിപ് ഹോപ് ആല്‍ബത്തിന് ഒന്‍പത് നോമിനേഷനുകളാണുള്ളത്. ആല്‍ബം, റെക്കോര്‍ഡ്, സോംഗ് ഓഫ് ദ ഇയര്‍ കാറ്റഗറികളില്‍ ഇടം നേടിയ ബാഡ് ബണ്ണി ഈ വിഭാഗങ്ങളില്‍ ഒരുമിച്ച് നാമനിര്ദേം ചെയ്യപ്പെടുന്ന ആദ്യത്തെ സ്പാനിഷ് കലാകാരനുമായി.
ടൈലര്‍, ദി ക്രിയേറ്ററിന്റെ ‘ക്രോമാകോപിയ’, പുഷ ടി, മാലിസ് (ക്ലിപ്സ്) എന്നിവരുടെ ‘ലെറ്റ് ഗോഡ് സോര്‍ട്ട് എം ഔട്ട്’ എന്നീ ആല്‍ബങ്ങളും പട്ടികയില്‍ മുന്‍നിരയിലുണ്ട്. ലേഡി ഗാഗ, പ്രൊഡ്യൂസര്‍ ജാക്ക് അന്റനോഫ്, സബ്രീന കാര്പ്പെന്ന്റര് എന്നിവരാണ് നോമിനേഷനിലുള്ള മറ്റ് പ്രമുഖ താരങ്ങള്‍. വെള്ളിഴ്ചയാണ് ദ റെക്കോര്‍ഡിങ്സ് അക്കാദമി നോമിനികളുടെ പൂര്‍ണ പട്ടിക പുറത്തുവിട്ടത്.
ഈ വര്‍ഷത്തെ നോമിനേഷനുകളില്‍ പോപ്പ്, കണ്ട്രി, റാപ്പ്, ആര് & ബി, ലാറ്റിന്‍, ഗ്ലോബല്‍, ജാസ്, തുടങ്ങി വിവിധ മേഖലകളില്‍ നിന്ന് വ്യത്യസ്തമായ ആല്‍ബങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ദ റെക്കോര്‍ഡിംഗ് അക്കാദമിയുടെ വോട്ടിങ് അവകാശമുള്ള അംഗങ്ങളാണ് വിജയികളെ നിര്‍ണയിക്കുക. ആര്‍ട്ടിസ്റ്റുകള്‍, ഗാനരചയിതാക്കള്‍, നിര്‍മാതാക്കള്‍, എഞ്ചിനീയര്‍മാര്‍ എന്നിങ്ങനെയുള്ളവരാണ് ഈ വോട്ടിങ് പാനലിലുള്ളത്. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്ന് ഞായറാഴ്ച അവാര്‍ഡുകള്‍ പ്രഖ്യാപിക്കും.

