ഫോൺ കോളുകൾക്കിടെ നടക്കുന്ന തട്ടിപ്പുകൾ തത്സമയം തിരിച്ചറിഞ്ഞ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാൻ സഹായിക്കുന്ന ഗൂഗിളിന്റെ ‘സ്കാം ഡിറ്റക്ഷൻ’ ഫീച്ചർ വിവോ ഫോണുകളിലേക്കും എത്തുന്നതായി റിപ്പോർട്ട്. ഗൂഗിൾ ഫോൺ ആപ്ലിക്കേഷന്റെ പുതിയ എപികെ പതിപ്പിൽ നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. ഗൂഗിളിന്റെ ആന്തരിക സുരക്ഷാ കോഡ് നാമവും വിവോയുടെ പേരും ഈ ആപ്പിൽ കണ്ടെത്തിയത് ഫീച്ചർ ഉടൻ തന്നെ വിവോ സ്മാർട്ട്ഫോണുകളിൽ ലഭ്യമാകും എന്നതിന്റെ ശക്തമായ സൂചന നൽകുന്നു.
എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോണിൽ തന്നെ നേരിട്ട് പ്രവർത്തിക്കുന്ന സംവിധാനമാണിത്. വരുന്ന ഫോൺ കോളുകൾ, എസ്എംഎസ്, ആർസിഎസ് സന്ദേശങ്ങൾ, വെബ്സൈറ്റുകൾ എന്നിവയിലെ സംശയാസ്പദമായ പ്രവർത്തനങ്ങൾ വിലയിരുത്തി തട്ടിപ്പ് സാധ്യത മുന്നറിയിപ്പായി സ്ക്രീനിൽ കാണിക്കുകയാണ് ഇതിന്റെ രീതി. ഗൂഗിൾ പിക്സൽ ഫോണുകളിലും സാംസങ് ഗാലക്സി എസ്26 ശ്രേണിയിലും ഈ ഫീച്ചർ നിലവിൽ ലഭ്യമാണ്. വിവോ കൂടി ഈ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതോടെ ഗൂഗിളിനും സാംസങ്ങിനും ശേഷം തട്ടിപ്പ് കണ്ടെത്തൽ ഫീച്ചർ നൽകുന്ന മൂന്നാമത്തെ പ്രധാന ആൻഡ്രോയിഡ് ബ്രാൻഡായി വിവോ മാറും.

