ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ വില കുതിച്ചുയരുന്നു

ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ വില കുതിച്ചുയരുന്നു

രാജ്യത്തെ സാധാരണക്കാരായ സ്മാർട്ട്‌ഫോൺ ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി സ്മാർട്ട്‌ഫോൺ വിപണിയിൽ വൻ വിലക്കയറ്റം. സാംസങ്, വിവോ, റിയൽമി, ഷവോമി തുടങ്ങി പ്രമുഖ ബ്രാൻഡുകളെല്ലാം തങ്ങളുടെ ഫോണുകൾക്ക് വില വർധിപ്പിച്ചു കഴിഞ്ഞു. ആയിരം രൂപ മുതൽ 3,500 രൂപ വരെയാണ് വിവിധ മോഡലുകൾക്ക് വർധിച്ചിരിക്കുന്നത്. പുതുതായി വിപണിയിലെത്തുന്ന ഫോണുകൾക്കല്ല, മറിച്ച് നിലവിൽ വിപണിയിലുള്ള ജനപ്രിയ മോഡലുകൾക്കാണ് വില കൂടുന്നത് എന്നതാണ് ശ്രദ്ധേയം.

സ്മാർട്ട്‌ഫോണുകളുടെ നിർമ്മാണ ചെലവ് വർധിച്ചതാണ് ഈ വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണം. ഇതിൽ ഏറ്റവും നിർണ്ണായകമായത് മെമ്മറി ചിപ്പുകളുടെ വിലയിലുണ്ടായ വർധനവാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തുണ്ടായ വിപ്ലവകരമായ മുന്നേറ്റം കാരണം എഐ കമ്പനികൾ ഡാറ്റാ സെന്ററുകൾക്കായി വൻതോതിൽ മെമ്മറി ചിപ്പുകൾ വാങ്ങിക്കൂട്ടുന്നുണ്ട്. ഇത് സ്മാർട്ട്‌ഫോൺ നിർമ്മാണത്തിനാവശ്യമായ ചിപ്പുകളുടെ ലഭ്യത കുറയ്ക്കുകയും അവയുടെ വില വർധിപ്പിക്കുകയും ചെയ്തു.

വിലക്കയറ്റം സ്മാർട്ട്‌ഫോൺ വിൽപനയെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. സാധാരണയായി വർഷം 130-135 ദശലക്ഷം ഫോണുകൾ വിറ്റഴിയുന്ന സ്ഥാനത്ത്, 2026-ൽ ഇത് 115-120 ദശലക്ഷത്തിലേക്ക് താഴാനാണ് സാധ്യത. വില വർധന കാരണം ഉപഭോക്താക്കൾ പുതിയ ഫോൺ വാങ്ങുന്നതിന് പകരം നിലവിലുള്ള ഫോൺ തന്നെ കൂടുതൽ കാലം ഉപയോഗിക്കാൻ നിർബന്ധിതരാവുകയാണ്. നിലവിലെ സാഹചര്യം തുടർന്നാൽ, 15,000 രൂപ പരിധിയിൽ മികച്ച 5ജി ഫോണുകൾ ലഭിക്കുന്നത് അസാധ്യമാകും. വരും മാസങ്ങളിൽ 5ജി ഫോണുകളുടെ കുറഞ്ഞ വില 20,000 രൂപയിലേക്ക് എത്തിയേക്കാം എന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

administrator

Related Articles