രാജ്യത്തെ ടെക് മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് ആഗോള ടെക് ഭീമനായ ഗൂഗിൾ ഇന്ത്യയിൽ വീണ്ടും നിക്ഷേപം നടത്താനൊരുങ്ങുന്നു. ക്ലൗഡ്, സ്റ്റാർട്ടപ്പ് മേഖലകൾക്ക് പുറമെ നിർമ്മിത ബുദ്ധി, ഹാർഡ്‌വെയർ നിർമ്മാണം എന്നീ മേഖലകളിലേക്ക് കൂടി ഗൂഗിൾ പ്രവർത്തനം വ്യാപിപ്പിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഗൂഗിൾ എക്സിക്യൂട്ടീവുകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എഐ അടിസ്ഥാന സൗകര്യങ്ങൾ, സെർവറുകൾ, ഡ്രോണുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഇന്ത്യയിൽ നിക്ഷേപം നടത്തുന്ന കാര്യമാണ് ഗൂഗിൾ പരിഗണിക്കുന്നതെന്ന് കേന്ദ്രമന്ത്രി എക്സിൽ കുറിച്ചു. ഗൂഗിളിന്റെ മുൻപത്തെ നിക്ഷേപങ്ങളെല്ലാം പ്രധാനമായും സോഫ്റ്റ്‌വെയർ, ക്ലൗഡ് മേഖലകളിലായിരുന്നെങ്കിൽ, പ്രാദേശികമായി ഹാർഡ്‌വെയർ നിർമ്മാണത്തിലേക്ക് കടക്കാനുള്ള തീരുമാനം രാജ്യത്തിന്റെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതികൾക്ക് വലിയ കരുത്താകും.
വിശാഖപട്ടണത്ത് ഇന്ത്യയിലെ ആദ്യത്തെ എഐ ഹബ് സ്ഥാപിക്കുമെന്ന് ഗൂഗിൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 2026-2030 കാലയളവിൽ 15 ബില്യൺ ഡോളർ (ഏകദേശം 1.25 ലക്ഷം കോടി രൂപ) ഇതിനായി നിക്ഷേപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന് പിന്നാലെയാണ് നിർമ്മാണ മേഖലയിലേക്കും കൂടി നിക്ഷേപം എത്തുന്നു എന്ന സൂചനകൾ പുറത്തുവരുന്നത്.

