മെറ്റായുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിനെതിരെ കടുത്ത അധിക്ഷേപ പരാമർശങ്ങളുമായി ശതകോടീശ്വര വ്യവസായിയും എക്സ് ഉടമയുമായ ഇലോൺ മസ്ക്. “ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്ക് ഉള്ളതാണ്” എന്ന മസ്കിന്റെ പ്രസ്താവന ആഗോളതലത്തിൽ വലിയ സോഷ്യൽ മീഡിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
ആളുകളുടെ സോഷ്യൽ മീഡിയ ശീലങ്ങളെയും ജീവിതശൈലികളെയും കുറിച്ച് ചർച്ച ചെയ്യുന്ന ഒരു വൈറൽ പോസ്റ്റിന് മറുപടിയായാണ് മസ്ക് ഈ വിവാദ പരാമർശം നടത്തിയത്. ആകർഷകമായ ചിത്രങ്ങൾ പങ്കുവെക്കുക (തേർസ്റ്റ് ട്രാപ്സ്), തുടർച്ചയായി സ്റ്റോറികൾ അപ്‌ലോഡ് ചെയ്യുക, വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുക തുടങ്ങിയ ഇൻസ്റ്റഗ്രാമിലെ പ്രവണതകളെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു യഥാർത്ഥ പോസ്റ്റ്. ഇതിന് താഴെയാണ് “ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്ക് വേണ്ടിയുള്ളതാണ്” എന്ന കമന്റുമായി മസ്ക് എത്തിയത്.
വിവാദങ്ങൾ അവിടെയും അവസാനിച്ചില്ല. തൊട്ടുപിന്നാലെ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന പുരുഷന്മാരെ അധിക്ഷേപിക്കുന്ന മറ്റൊരു കമന്റും അദ്ദേഹം പങ്കുവെച്ചു. “ചിലപ്പോൾ പ്രായപൂർത്തിയായ മുതിർന്ന പുരുഷന്മാർ അവരുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ എനിക്ക് അയച്ചുതരുമ്പോൾ, നിങ്ങൾ ലിംഗമാറ്റം നടത്തുകയാണോ എന്ന് ഞാൻ ചിന്തിക്കാറുണ്ട്” എന്നായിരുന്നു മസ്കിന്റെ അടുത്ത പരാമർശം. സ്ത്രീവിരുദ്ധതയും ട്രാൻസ്ഫോബിയയും നിറഞ്ഞ മസ്കിന്റെ ഈ വാക്കുകൾക്കെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

