ഗൂഗിളിന്റെ പ്രധാന വർക്ക് സ്പേസ് ആപ്പുകളുടെ ഐക്കൺ ഡിസൈനിൽ വിപുലമായ മാറ്റങ്ങൾ വരുന്നു. നിലവിലുള്ള ഗ്രേഡിയന്റ് ശൈലി ഉപേക്ഷിച്ച് കൂടുതൽ വ്യക്തതയാർന്ന ഡിസൈനിലേക്കാണ് ഗൂഗിൾ ചുവടുമാറുന്നത്. ആപ്പുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകളുടെ സാന്നിധ്യം കൂടി സൂചിപ്പിക്കുന്ന തരത്തിലായിരിക്കും പുതിയ മാറ്റം.
നേരത്തെ നീല, മഞ്ഞ, പച്ച, ചുവപ്പ് എന്നീ നാല് നിറങ്ങൾ മാത്രം ഉൾപ്പെടുത്തി ഗൂഗിൾ എല്ലാ ആപ്പുകളുടേയും ഐക്കണുകൾ പരിഷ്കരിച്ചിരുന്നു. എന്നാൽ ഐക്കണുകളെല്ലാം ഒരേ വർണ്ണശൈലിയിലായതോടെ ആപ്പുകൾ തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന പരാതി വ്യാപകമായി ഉയർന്നു. ഉപഭോക്താക്കളുടെ ഈ പ്രതികരണം കണക്കിലെടുത്താണ് ഒരേസമയം ആകർഷകവും തിരിച്ചറിയാൻ എളുപ്പമുള്ളതുമായ പുതിയ ഡിസൈൻ കൊണ്ടുവരാൻ ഗൂഗിൾ തീരുമാനിച്ചത്.
ജിമെയിൽ മുതൽ ഗൂഗിൾ മീറ്റ് വരെ നീളുന്ന വർക്ക് സ്പേസ് കുടുംബത്തിലെ പന്ത്രണ്ടോളം ആപ്പുകളുടെ ലുക്ക് ഇതോടെ മാറും. ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഡോക്‌സ്, ഷീറ്റ്‌സ്, സ്ലൈഡ്‌സ്, ഗൂഗിൾ ചാറ്റ്, കലണ്ടർ, ടാസ്‌ക്‌സ്, കീപ്പ്, ഫോംസ്, സൈറ്റ്‌സ് എന്നിവയുടെ ഐക്കണുകളാണ് മാറുക. പുതിയ ഡിസൈനിൽ ഒന്നിലധികം നിറങ്ങൾ കൂടുതൽ വ്യക്തതയോടെ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്മാർട്ട്‌ഫോണുകളിലെയും ഡെസ്‌ക്‌ടോപ്പിലെയും ഉപഭോക്തൃ അനുഭവം കൂടുതൽ ലളിതമാക്കാൻ ഈ മാറ്റം സഹായിക്കും.

