വോഡഫോൺ ഐഡിയയുടെ എജിആർ കുടിശ്ശിക 27 ശതമാനം കുറച്ചു

വോഡഫോൺ ഐഡിയയുടെ എജിആർ കുടിശ്ശിക 27 ശതമാനം കുറച്ചു

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയയുടെ എജിആർ കുടിശ്ശികയിൽ കേന്ദ്ര സർക്കാർ വലിയ ഇളവ് അനുവദിച്ചു. ഏകദേശം 27 ശതമാനത്തോളം കുറവ് വരുത്തിയതോടെ കമ്പനിയുടെ മൊത്തം ബാധ്യത 64,046 കോടി രൂപയായി ചുരുങ്ങി. നേരത്തെയിത് 87,695 കോടി രൂപയായിരുന്നു. ടെലികോം വകുപ്പ് രൂപീകരിച്ച പ്രത്യേക സമിതിയുടെ പുനർമൂല്യനിർണ്ണയത്തിന് ശേഷമാണ് കുടിശ്ശിക തുകയിൽ ഇത്രയും വലിയ കുറവുണ്ടായതെന്ന് കമ്പനി ഫയലിംഗിലൂടെ വ്യക്തമാക്കി.

പുതുക്കിയ ഈ കുടിശ്ശിക പത്ത് വർഷത്തിനുള്ളിൽ രണ്ട് ഘട്ടങ്ങളായി അടച്ചുതീർക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആദ്യ ഘട്ടമായി 2031-32 മുതൽ 2034-35 വരെയുള്ള നാല് വർഷങ്ങളിൽ പ്രതിവർഷം ചുരുങ്ങിയത് 100 കോടി രൂപ വീതം അടയ്ക്കണം. ബാക്കിയുള്ള വലിയ തുക 2035-36 മുതൽ 2040-41 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ആറ് തുല്യ ഗഡുക്കളായി നൽകിയാൽ മതിയാകും. സർക്കാരിന്റെ ഈ തീരുമാനം വോഡഫോൺ ഐഡിയയുടെ ഭാവി പ്രവർത്തനങ്ങൾക്കും സാമ്പത്തിക സുസ്ഥിരതയ്ക്കും വലിയ കരുത്ത് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

administrator

Related Articles