ഡിജിറ്റൽ നികുതിയിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

ഡിജിറ്റൽ നികുതിയിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

ആഗോള വാണിജ്യരംഗത്ത് വീണ്ടുമൊരു തീരുവയുദ്ധത്തിന് വഴിയൊരുക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. അമേരിക്കൻ ടെക് കമ്പനികൾക്ക് മേൽ ഡിജിറ്റൽ സേവന നികുതി ചുമത്തുന്ന രാജ്യങ്ങളിൽ നിന്നുള്ള എല്ലാത്തരം ഉത്പന്നങ്ങൾക്കും നൂറുശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. ജൂൺ 26-ന് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഈ കടുത്ത നിലപാട് വ്യക്തമാക്കിയത്. നിലവിലുള്ളതോ ഭാവിയിൽ ഉണ്ടാകാനിടയുള്ളതോ ആയ എല്ലാ വാണിജ്യ കരാറുകളെയും മറികടന്നുകൊണ്ടായിരിക്കും ഈ നികുതി നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കൻ ടെക് ഭീമന്മാരായ ഗൂഗിൾ, ആപ്പിൾ, മെറ്റാ, ആമസോൺ തുടങ്ങിയ കമ്പനികൾക്ക് മേൽ ഡിജിറ്റൽ നികുതി കൊണ്ടുവരാൻ തയ്യാറെടുക്കുന്ന ചില യൂറോപ്യൻ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ ഈ നീക്കം. ഡിജിറ്റൽ പരസ്യങ്ങൾ, ഉപഭോക്താക്കളുടെ വിവരശേഖരണം എന്നിവയിൽ നിന്ന് വിദേശ കമ്പനികൾ നേടുന്ന വരുമാനത്തിന്മേൽ നികുതി ചുമത്താൻ യൂറോപ്യൻ യൂണിയനിലെ പല രാജ്യങ്ങളും ചർച്ചകൾ നടത്തിവരികയാണ്. ഇതിനെതിരെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ പെട്ടെന്നുള്ള പ്രകോപനം.

“അമേരിക്കൻ കമ്പനികൾക്ക് മേൽ ഇത്തരം നികുതികൾ ചുമത്തുന്ന ഏതൊരു രാജ്യവും അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന എല്ലാ ഉത്പന്നങ്ങൾക്കും ഉടനടി 100 ശതമാനം തീരുവ നേരിടേണ്ടി വരും. മുൻപ് ഒപ്പുവെച്ച വാണിജ്യ കരാറുകളൊന്നും ഇതിന് ബാധകമായിരിക്കില്ല.” – ട്രംപ് വ്യക്തമാക്കി.

ഡിജിറ്റൽ ഇടപാടുകളിലൂടെ വലിയ ലാഭമുണ്ടാക്കുന്ന കമ്പനികൾ തങ്ങളുടെ രാജ്യങ്ങളിൽ കൃത്യമായി നികുതി ഒടുക്കുന്നില്ലെന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ വാദം. എന്നാൽ, അമേരിക്കൻ കമ്പനികളെ ബോധപൂർവ്വം ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കമെന്നാണ് അമേരിക്കയുടെ നിലപാട്.

administrator

Related Articles