ആൻഡ്രോയിഡ് ഫോണുകളിൽ ആപ്പുകളും ഗെയിമുകളും കണ്ടെത്തുന്ന രീതി പാടെ മാറ്റാനൊരുങ്ങി ഗൂഗിൾ. പുതിയ ജെമിനി സംയോജനത്തിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ സംവേദനാത്മകമായി പ്ലേ സ്റ്റോർ ഉപയോഗിക്കാൻ സാധിക്കും. “ഒരു ധ്യാന ആപ്പ് ശുപാർശ ചെയ്യുക” എന്നുള്ള സാധാരണ പ്രോംപ്റ്റുകൾ ചോദിച്ചാൽ ജെമിനി കൃത്യമായ ആപ്പുകൾ കണ്ടെത്തി നൽകും. ആപ്പുകളുടെ പേര്, റേറ്റിംഗുകൾ, ഡൗൺലോഡ് എണ്ണം എന്നിവ കാണിക്കുന്ന പ്ലേ സ്റ്റോർ കാർഡുകളുമായാണ് ജെമിനി മറുപടി നൽകുക.
പുതിയ അപ്ഡേറ്റിലെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ എളുപ്പത്തിലുള്ള ഇൻസ്റ്റാൾ രീതിയാണ്. ജെമിനി കാണിക്കുന്ന ആപ്പ് കാർഡിൽ ടാപ്പ് ചെയ്താൽ പ്ലേ സ്റ്റോർ ലിസ്റ്റിംഗ് മുകളിലേക്ക് സ്ലൈഡ് ചെയ്തുവരും. ഇതിലൂടെ ജെമിനി ആപ്പിൽ നിന്ന് പുറത്തുപോകാതെ തന്നെ ഉപയോക്താക്കൾക്ക് ആപ്പുകൾ തൽക്ഷണം ഇൻസ്റ്റാൾ ചെയ്യാം. ആപ്പുകൾക്ക് പുറമേ, ആപ്പിലെ മറ്റ് ഫീച്ചറുകൾ, സബ്സ്ക്രിപ്ഷനുകൾ, ഗിഫ്റ്റ് കാർഡുകൾ എന്നിവ തിരയാനും വാങ്ങാനും ജെമിനി സഹായിക്കും. ഉദാഹരണത്തിന്, “സ്പോട്ടിഫൈ ഗിഫ്റ്റ് കാർഡ് വാങ്ങുക” അല്ലെങ്കിൽ “ക്ലാഷ് ഓഫ് ക്ലാൻസ് ഗെയിമിലെ ഓഫറുകൾ കാണിക്കുക” എന്ന് പറഞ്ഞാൽ ജെമിനി അത് സ്ക്രീനിൽ എത്തിക്കും. നിങ്ങളുടെ ഫോണിൽ നിലവിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആപ്പുകൾക്കായുള്ള ഇൻ-ആപ്പ് വാങ്ങലുകൾ മാത്രമേ ജെമിനി നിർദ്ദേശിക്കൂ എന്നത് സുരക്ഷയും പ്രസക്തിയും വർദ്ധിപ്പിക്കുന്നു.

