മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സസ്‌പെൻസുകളിൽ ഒന്നിനാണ് ഇപ്പോൾ കർട്ടൻ വീണിരിക്കുന്നത്. റിലീസ് ചെയ്ത് 27 വർഷങ്ങൾക്കിപ്പുറം ‘സമ്മർ ഇൻ ബത്‌ലഹേം’ വീണ്ടും വാർത്തകളിൽ നിറയുന്നത് ചിത്രത്തിലെ നിർണ്ണായകമായ ഒരു ഡിലീറ്റഡ് സീൻ പുറത്തുവന്നതോടെയാണ്. മോഹൻലാൽ അവതരിപ്പിച്ച നിരഞ്ജൻ എന്ന കഥാപാത്രത്തിന്റെ വധശിക്ഷയ്ക്ക് മുൻപുള്ള വൈകാരിക നിമിഷങ്ങളും, അതിനുശേഷം മഞ്ജു വാര്യരുടെ ആമിയെ വീട്ടുകാർ ആശ്വസിപ്പിക്കുന്നതുമായ 10 മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്ത് മോഹൻലാൽ വരുന്നത് വരെ വലിയ രഹസ്യമായിട്ടാണ് അന്ന് സൂക്ഷിച്ചിരുന്നത്. എന്നാൽ സിനിമ തിയേറ്ററിലെത്തിയപ്പോൾ ലാലിന്റെ കഥാപാത്രം മരിക്കാൻ പോകുന്നു എന്നറിഞ്ഞ പ്രേക്ഷകർക്ക് പിന്നീട് വരുന്ന നീണ്ട രംഗങ്ങൾ കാണാൻ ക്ഷമയുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞാണ് സംവിധായകൻ സിബി മലയിൽ ഈ ഭാഗം ഒഴിവാക്കിയത്. നിരഞ്ജൻ താലി കെട്ടിയ ശേഷം ആമിയെ വിവാഹത്തിന് സമ്മതിപ്പിക്കാൻ ജയറാമും സുരേഷ് ഗോപിയും ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നതും, ഇതിനിടയിൽ മോഹൻലാൽ വീണ്ടും സ്ക്രീനിലെത്തുന്നതുമായ രംഗങ്ങളാണ് ഒഴിവാക്കപ്പെട്ടത്.
ലോജിക്കലായി ചിന്തിക്കുമ്പോൾ ഒരാളെ ജീവന് തുല്യം പ്രണയിച്ച പെൺകുട്ടി പെട്ടെന്ന് മറ്റൊരാളെ വിവാഹം കഴിക്കുന്നത് പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിയുമോ എന്ന ആശങ്കയാണ് ഇത്തരമൊരു രംഗം ഷൂട്ട് ചെയ്യാൻ കാരണമെന്ന് സിബി മലയിൽ വെളിപ്പെടുത്തി. എന്നാൽ സിനിമയുടെ ഒഴുക്കിനെ ഈ സീൻ തടസ്സപ്പെടുത്തുന്നു എന്ന് തോന്നിയതിനാൽ റിലീസ് ദിവസം തന്നെ നിർമ്മാതാവ് സിയാദ് കോക്കറുടെ നിർദ്ദേശപ്രകാരം ഇത് വെട്ടിമാറ്റുകയായിരുന്നു. സിനിമയുടെ പുതിയ പതിപ്പിൽ ഈ രംഗം ഉൾപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം സാധിച്ചിരുന്നില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ ദൃശ്യങ്ങൾ പഴയ കാലഘട്ടത്തിലെ സിനിമാ അനുഭവങ്ങളെ വീണ്ടും ഓർമ്മപ്പെടുത്തുകയാണ്.

