സ്വകാര്യ ടെലികോം ഭീമന്മാരായ ജിയോയ്ക്കും എയർടെലിനും കനത്ത വെല്ലുവിളി ഉയർത്തി ബി.എസ്.എൻ.എലിന്റെ മിന്നുന്ന മുന്നേറ്റം. ട്രായ് പുറത്തുവിട്ട 2026 ജൂലൈ മാസത്തെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഹരിയാന സർക്കിളിൽ ഏറ്റവുമധികം പുതിയ ഉപയോക്താക്കളെ സ്വന്തമാക്കി പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ ഒന്നാം സ്ഥാനത്തെത്തി. രാജ്യത്ത് നിലവിൽ നാലാം സ്ഥാനത്താണെങ്കിലും സ്വകാര്യ കമ്പനികളെ പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്.
ജൂലൈ മാസത്തിൽ മാത്രം 38,560 പുതിയ മൊബൈൽ വരിക്കാരെയാണ് ഹരിയാനയിൽ ബി.എസ്.എൻ.എൽ കൂട്ടിച്ചേർത്തത്. ഇതേ കാലയളവിൽ റിലയൻസ് ജിയോയ്ക്ക് 37,508-ഉം, എയർടെലിന് 25,139-ഉം പുതിയ വരിക്കാരെ മാത്രമാണ് നേടാനായത്. വെറും 2,641 പുതിയ കണക്ഷനുകളുമായി വോഡഫോൺ ഐഡിയ ഏറെ പിന്നിലാണ്. പുതിയ മുന്നേറ്റത്തോടെ ഹരിയാനയിലെ മൊത്തം ബി.എസ്.എൻ.എൽ വരിക്കാരുടെ എണ്ണം 47 ലക്ഷം പിന്നിട്ടു.

