അർജുൻ്റെ ഓർമ്മയിൽ കണ്ണാടിക്കൽ ഗ്രാമം ഒത്തുചേർന്നു. കർണ്ണാടകയിലെ ദുരിതാശ്വാസ പ്രവർത്തകൻ ഈശ്വർ മാൽപെ ഒരിക്കൽക്കൂടി കോഴിക്കോട് കണ്ണാടിക്കൽ, അർജുൻ്റെ നാട്ടിലെത്തി. ഷിരൂരിലെ ഗംഗാവലി നദിയിൽ അർജുന് വേണ്ടി നടത്തിയ തിരച്ചിലിൻ്റെയൊക്കെ അനുഭവങ്ങളുമായി കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ലും മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷറഫും കൂടെയുണ്ടായിരുന്നു.
അർജുൻ്റെ അമ്മ ഷീല കുറുവച്ചാലിൽ എഴുതി,കേരളവിഷൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ‘അർജുൻ എൻ്റെ മകൻ ‘ എന്ന പുസ്തകത്തിൻ്റെ പ്രകാശന വേദിയിലാണ് ഈശ്വർ മൽപെയും സതീഷ് കൃഷ്ണ സെയ്ലും എകെഎം. അഷറഫും ഒത്തുചേർന്നത്. മൂന്ന് പേരെയും വേദിയിൽ ആദരിച്ചു. അർജുനെ കണ്ടെത്താനായി 72 ദിവസങ്ങളിലായി നടന്ന പരിശ്രമങ്ങൾ അവർ ഓർമ്മിച്ചു. എം.കെ. രാഘവൻ എംപിയും പി.എസ്.ശ്രീധരൻ പിള്ളയും വി.വസീഫും ആ ദൗത്യത്തിൽ കേരളം മുൻകയ്യെടുത്ത് പ്രവർത്തിച്ചതും ഷിരൂരിൽ എത്തിയപ്പോഴുണ്ടായ അനുഭവങ്ങളും പങ്കുവെച്ചു. സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകരും,അർജുൻ്റെ കുടുംബാംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ , ജൂൺ 13ന് സി. കുഞ്ഞിക്കുട്ടി സ്മാരക ഹാളിലായിരുന്നു. പുസ്തക പ്രകാശനം.
എം.മുകുന്ദൻ പുസ്തക പ്രകാശനം നിർവ്വഹിച്ചു. അർജുൻ കണ്ണാടിക്കലിൻ്റെ മാത്രം മകനല്ല, കേരളത്തിൻ്റെയാകെ പ്രിയപ്പെട്ടവനാണെന്ന് എം.മുകുന്ദൻ പറഞ്ഞു. “വായനക്കാരൻ്റെ ഉള്ളിലേക്കിറങ്ങിച്ചെല്ലുന്ന പുസ്തകമാണ് അർജുൻ്റെ അമ്മ എഴുതിയ ‘അർജുൻ എൻ്റെ മകൻ’. അർജുനും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ദുരിതാശ്വാസ പ്രവർത്തകരും, ആ കാലത്തെ സംഭവങ്ങളുമെല്ലാം മിഴിവോടെ ഈ പുസ്തകത്തിൽ നിറഞ്ഞു നിൽക്കുന്നു. വേദനാജനകമായ സംഭവങ്ങളാണ് പറയുന്നതെങ്കിലും അർജുനെ എല്ലാ കാലത്തേക്കുമായി ഈ പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്.ഇത് വായിച്ചതോടെ അർജുൻ്റെ കുടുംബം എൻ്റെ കുടുംബമായി. ഇപ്പോൾ കണ്ണാടിക്കൽ എനിക്ക് മയ്യഴി പോലെ അനുഭവപ്പെടുന്നു”- പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് എം. മുകുന്ദൻ പറഞ്ഞു.
മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ പുസ്തകം ഏറ്റുവാങ്ങി. കേരളം കൈകോർത്ത് ഒന്നിച്ചു നിന്ന ഒരു സംഭവമായിരുന്നു അർജുന് വേണ്ടി നടന്ന തിരച്ചിൽ എന്ന് ശ്രേയാംസ് കുമാർ പറഞ്ഞു. കെഐടി മാനേജിംഗ് ഡയറക്ടർ കെ.ഗോവിന്ദൻ അധ്യക്ഷനായിരുന്നു. എ.സുരേഷ് പുസ്തക പരിചയം നടത്തി. എ.പ്രദീപ് കുമാർ (മുൻ എംഎൽഎ), ബീന ഫിലിപ് (മുൻ കോഴിക്കോട് മേയർ) എന്നിവർ സംസാരിച്ചു. എഴുത്തുകാരി ഷീല കുറുവച്ചാലിൽ മറുപടി പ്രസംഗം നടത്തി. എൻ.ഇ.ഹരികുമാർ,പ്രിജേഷ് അച്ചാണ്ടി, നിസാർ ബാബു തുടങ്ങിയവരും പങ്കെടുത്തു.

