കോഴിക്കോട്: ‘ഈശ്വർ മാൽപെയെ ഒന്ന് വിളിക്കണമെന്നും കാണണമെന്നും എനിക്ക് അന്നേ തോന്നിയതാണ്. ഫോൺ ചെയ്തപ്പോൾ പെട്ടെന്ന് തന്നെ ഈശ്വർ ഫോണെടുത്തു.
“ഹലോ, ഞാൻ അർജുൻ്റെ അമ്മയാണ് “.
ഞാൻ പറഞ്ഞു.
“അമ്മാ, ഞാൻ അർജുനെ കൊണ്ടുവരും. അമ്മ വിഷമിക്കാതെ ഇരിക്കൂ.”
അയാളുടെ വാക്കുകൾ ദൃഢമായിരുന്നു. എനിക്ക് കൂടുതലൊന്നും പറയാൻ കഴിഞ്ഞില്ല. വാക്കുകൾ തൊണ്ടയിൽ കുരുങ്ങി .
“അമ്മാ,ഇതെല്ലാം കഴിഞ്ഞ് ഞാൻ അമ്മയെ കാണാനായി മാത്രം അവിടേക്ക് വരും. അമ്മ സമാധാനമായിരിക്കൂ ” .
” അർജുൻ അമ്മ എനക്കും അമ്മ താൻ. ഇനിമേൽ ഉയിരിരിക്കും വരെ അമ്മ എനക്ക് അമ്മ താൻ”.
എൻ്റെ ചങ്കിടിപ്പ് കുറയാൻ ഏറെ നേരം വേണ്ടിവന്നു. എന്താണ് പറയുക ?. കാര്യമായ ഒരാൾ കൂടെയുണ്ടെന്ന ധൈര്യം ഉള്ളിൽ നിറഞ്ഞു’………
അർജുൻ്റെ അമ്മ ഷീല കുറുവച്ചാലിൽ എഴുതുന്നു.

അർജുൻ്റെ ഓർമ്മയിൽ ദുരിതാശ്വാസ പ്രവർത്തകൻ ഈശ്വർ മാൽപെ ഒരിക്കൽക്കൂടി കോഴിക്കോട് കണ്ണാടിക്കൽ, അർജുൻ്റെ നാട്ടിലെത്തുകയാണ്. ഷിരൂരിലെ ഗംഗാവലി നദിയിൽ അർജുന് വേണ്ടി നടത്തിയ തിരച്ചിലിൻ്റെയൊക്കെ അനുഭവങ്ങളുമായി കാർവാർ എംഎൽ എ സതീഷ് സെയ്ലും കൂടെ എത്തുന്നുണ്ട്. അർജുൻ്റെ അമ്മ ഷീല കുറുവച്ചാലിൽ എഴുതി,കേരളവിഷൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ‘അർജുൻ എൻ്റെ മകൻ ‘ എന്ന പുസ്തകത്തിൻ്റെ പ്രകാശനച്ചടങ്ങിനാണ് ഈശ്വർ മൽപെയും സതീഷ് സെയ്ലും കണ്ണാടിക്കൽ എത്തുന്നത്. അർജുനെ കണ്ടെത്താനുള്ള പരിശ്രമങ്ങളിൽ മുൻകയ്യെടുത്ത് പ്രവർത്തിച്ച സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകരും, അർജുൻ്റെ കുടുംബാംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കും. നാളെ, ജൂൺ 13ന് വൈകീട്ട് 4 മണിക്ക് സി. കുഞ്ഞിക്കുട്ടി സ്മാരക ഹാളിലാണ് പുസ്തക പ്രകാശനം.

എം.മുകുന്ദൻ പുസ്തക പ്രകാശനം നിർവ്വഹിക്കും. മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ പുസ്തകം ഏറ്റുവാങ്ങും. കെഐടി മാനേജിംഗ് ഡയറക്ടർ കെ.ഗോവിന്ദൻ അധ്യക്ഷനാകും.
എം.കെ.രാഘവൻ (എംപി) ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും. മുൻ ഗവർണ്ണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള മുഖ്യാതിഥിയാവും. കെ.ഗോവിന്ദൻ അധ്യക്ഷത വഹിക്കും.എ.സുരേഷ് പുസ്തക പരിചയം നടത്തും.
അഡ്വ.കെ.ജയന്ത് (എംഎൽഎ), എ.കെ.എം.അഷറഫ് (എംഎൽഎ), എ.പ്രദീപ് കുമാർ (മുൻ എംഎൽഎ), ബീന ഫിലിപ് (മുൻ കോഴിക്കോട് മേയർ), വി. വസീഫ് (സംസ്ഥാന പ്രസിഡണ്ട്, ഡിവൈഎഫ്ഐ), ബിജുലാൽ (കോർപ്പറേഷൻ കൗൺസിലർ) തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.

കേരളവും കർണ്ണാടകവും കൈകോർത്ത് 72 ദിവസമാണ് അർജുൻ എന്ന ട്രക്ക് ഡ്രൈവർക്ക് വേണ്ടി ഷിരൂരിലെ ഗംഗാവലി നദിയിൽ തിരച്ചിൽ നടത്തിയത്. ആ ദിവസങ്ങളിൽ അർജുൻ്റെ അമ്മയും കുടുംബവും കടന്നു പോയ അനുഭവങ്ങളുടെ ഹൃദയസ്പർശിയായ വിവരണമാണ് ഈ പുസ്തകം. പ്രമുഖ ദുരന്തനിവാരണ വിദഗ്ദൻ മുരളി തുമ്മാരുകുടി ആണ് പുസ്തകത്തിന് അവതാരിക എഴുതിയത്.

