നിവിൻ പോളി നായകനായി തിയേറ്ററുകളിൽ ബോക്സ് ഓഫീസ് തരംഗം സൃഷ്ടിച്ച ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലും മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തിൽ മമിത ബൈജുവാണ് നായികയായി എത്തിയത്. ‘പ്രേമലു’ സിനിമയുടെ ഷൂട്ട് കഴിഞ്ഞയുടനെയാണ് ഗിരീഷ് തന്നോട് ഈ ചിത്രത്തിന്റെ കഥ പറഞ്ഞതെന്നും, തന്നെ വിശ്വസിച്ച് ഇത്രയും വലിയൊരു കഥാപാത്രം ഏൽപ്പിച്ചതിൽ വലിയ നന്ദിയുണ്ടെന്നും താരം വ്യക്തമാക്കി. ചിത്രത്തിന്റെ സക്സസ് മീറ്റിൽ സംസാരിക്കവെയാണ് മമിത തന്റെ സന്തോഷവും നന്ദിയും പങ്കുവെച്ചത്.
“പ്രേമലുവായാലും ബെത്ലഹേമായാലും, ഇതുപോലെ ഒരു മെയിൻ ഹീറോയിൻ കഥാപാത്രം ചെയ്യാൻ എനിക്ക് കഴിയുമെന്ന് എനിക്ക് തന്നെ വിശ്വാസമില്ലാതിരുന്ന സമയത്ത് എന്നിൽ വിശ്വാസമുണ്ടായിരുന്ന ഗിരീഷേട്ടനോട് ഒരുപാട് നന്ദിയുണ്ട്,” മമിത ചടങ്ങിൽ പറഞ്ഞു. ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർക്കും സഹപ്രവർത്തകർക്കും നന്ദി അറിയിച്ച താരത്തിന്റെ വാക്കുകൾ ഇതിനോടകം തന്നെ സിനിമാപ്രേമികൾ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തുക്കഴിഞ്ഞു.

